വൃദ്ധയെ ആക്രമിച്ച് രണ്ട് പവന്‍റെ മാല കവർന്നു
ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വൃദ്ധയെ ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു
കണ്ണൂർ:പറശ്ശിനിക്കടവിൽ വൃദ്ധയെ ആക്രമിച്ച് രണ്ട് പവന്‍റെ സ്വർണമാല കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പറശ്ശിനിക്കടവ് വിസ്‌മയാ പാർക്കിന് സമീപത്തുള്ള റോഡില്‍ വച്ചാണ് കൂരാകുന്നിൽ രോഹിണിയുടെ മാല ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കവർന്നത്. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം രോഹിണിയെ ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു. ചെറുത്തുനിന്ന ഇവരെ തള്ളി താഴെയിട്ടതിനുശേഷമാണ് മാല പൊട്ടിച്ചത്. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രതികൾ രക്ഷപെട്ടിരുന്നു. കൂലിപ്പണിക്ക് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു മോഷ്‌ടാക്കളുടെ ആക്രമണം. ബൈക്ക് ഓടിച്ച ആൾ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്. തളിപ്പറമ്പ് എസ് ഐ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികൾക്കുമായുള്ള അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ നണിയൂർ കനാലിന് സമീപം ഒരു സ്‌ത്രീയുടെ മാല കവർന്നിരുന്നു.