കണ്ണൂര്‍:കോഴിക്കോട് എലത്തൂരില്‍ അക്രമി തീകൊളുത്തിയ ട്രെയിനില്‍ പരിശോധന പൂർത്തിയാക്കി ഫോറൻസിക് സംഘം. രണ്ട് ബോഗികളിലാണ് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫോറൻസിക് സംഘം പരിശോധന നടത്തിയത്. ഡി1, ഡി2 ബോഗികളിലാണ് പരിശോധന നടന്നത്.
ഇന്ന് വൈകിട്ട് ആറോടെ കണ്ണൂരിൽ എത്തിയ ഫോറന്‍സിക് സംഘം 7.30നാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കോഴിക്കോട് റെയിൽവേ പൊലീസ് സിഐ സുധീർ മനോഹറിന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വിശദ പരിശോധന നടത്തി നിരവധി സാമ്പിളുകളാണ് ശേഖരിച്ചത്. വിരലടയാളങ്ങൾ അടക്കം നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന.
ബോഗിയിൽ ഇന്നലെ (ഏപ്രില്‍ രണ്ട്) തന്നെ ആർപിഎഫും പൊലീസും പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബോഗികളിൽ നിന്നും കൃത്യമായ തെളിവുകൾ ലഭിച്ചാല്‍ കേസിൽ നിർണായക വഴിത്തിരിവാകും. കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസിലാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും എടുത്തുചാടിയ കുട്ടിയടക്കം മൂന്ന് പേരാണ് മരിച്ചത്.
ALSO READ|അത് നോയിഡ സ്വദേശി ? ; ട്രെയിനില്‍ തീയിട്ട പ്രതിയെക്കുറിച്ച് സൂചന നല്‍കി പൊലീസ്
അക്രമിയെ തേടി അന്വേഷണം: സംഭവത്തില്‍ പഴുതടച്ചുള്ള അന്വേഷണത്തിനാണ് ഡിജിപി അനിൽകാന്ത് നിർദേശം നൽകിയത്. കണ്ണൂർ വിമാനത്താവളത്തിൽ പൊലീസിന്‍റെ ഉന്നതതല യോഗത്തിൽ
എടിഎസ് (തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്) തലവൻ പി വിജയൻ, കണ്ണൂർ റേഞ്ച് ഐജി പുട്ട വിമലാദിത്യ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, നോർത്ത് സോൺ ഐജി നീരജ് കുമാർ ഗുപ്‌ത എന്നിവർ പങ്കെടുത്തു. അതേസമയം, പ്രതിയെ തിരിച്ചറിഞ്ഞെന്നാണ് പുറത്തുവരുന്ന സൂചന. നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്‌ഫിയാണ് പ്രതി എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എന്നാല്‍, ഇതേക്കുറിച്ച് ഔദ്യോഗികമായി അന്വേഷണ സംഘം സ്ഥിരീകരണം നടത്തിയിട്ടില്ല.