ഇടുക്കി:സമാന്തര പാതകള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാന്‍ നെടുങ്കണ്ടം തേവാരംമെട്ടില്‍ എക്‌സൈസിന്റെ ഔട്ട്‌പോസ്‌റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ തേവാരംമെട്ട് കേന്ദ്രീകരിച്ച് വാഹനപരിശോധന കര്‍ശനമാക്കും. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിനാണ് ഔട്ട്‌പോസ്‌റ്റിന്റെ ചുമതല.
'ഇനി പിടിവീഴും'; ലഹരിക്കടത്ത് തടയാന്‍ ഔട്ട് പോസ്‌റ്റ് ആരംഭിച്ച് എക്‌സൈസ്
സമാന്തര പാതകള്‍ വഴിയുള്ള ലഹരിക്കടത്ത് തടയാന്‍ ഇടുക്കി നെടുങ്കണ്ടം തേവാരംമെട്ടില്‍ ഔട്ട് പോസ്‌റ്റ് ആരംഭിച്ച് എക്‌സൈസ്
തേവാരംമെട്ടില്‍ നിന്നും തമിഴ്‌നാട്ടിലെ തേവാരത്ത് എത്തുന്ന പാത സജീവമായിരുന്ന കാലത്ത് ഇവിടെ എക്‌സൈസ് ചെക്പോസ്‌റ്റ് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് പാത തമിഴ്‌നാട് അടച്ചതോടെ ചെക്‌പോസ്‌റ്റിന്‍റെ പ്രവര്‍ത്തനവും അവസാനിച്ചു. എന്നാല്‍ നിലവില്‍ മേഖലയിലൂടെ കാല്‍നടയായും മറ്റും കഞ്ചാവ് അടക്കമുള്ള ലഹരി വസ്‌തുക്കള്‍ വ്യാപകമായി കടത്തുന്നതായാണ് വിവരം. ഇതിന് തടയിടുന്നതിനായാണ് എക്‌സൈസ് താത്കാലിക ഔട്ട് പോസ്‌റ്റ് സംവിധാനം ആരംഭിച്ചിരിക്കുന്നത്.
നെടുങ്കണ്ടം അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ച് പട്രോളിംഗും വാഹനപരിശോധനയും ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. ഔട്ട് പോസ്‌റ്റില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. പ്രദേശവാസികള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ താത്കാലിക ഷെഡിലാണ് ഔട്ട് പോസ്‌റ്റ് ആരംഭിച്ചിരിക്കുന്നത്. ഔട്ട് പോസ്‌റ്റിന്‍റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭനാ വിജയന്‍ നിര്‍വഹിച്ചു.