കണ്ണൂര്‍:ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് പാര്‍ട്ടി വിട്ടു. നിലവില്‍ കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയാണ് സി രഘുനാഥ് (C Raghunath Quit Congress). പാര്‍ട്ടി തന്നെ തഴയുകയാണെന്നും നേതൃത്വവുമായി അഭിപ്രായ ഭിന്നതയുണ്ടെന്നും അതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിട്ടതിന് പിന്നാലെ ഡിസിസി നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സി രഘുനാഥ് നടത്തിയത്.
കഴിഞ്ഞ തവണ ധര്‍മ്മടത്ത് ഗതികെട്ട സ്ഥാനാര്‍ഥിയായിരുന്നു താന്‍ എന്ന് സി രഘുനാഥ് തുറന്നടിച്ചു. മാത്രമല്ല തെരഞ്ഞെടുപ്പ് കാലത്ത് കെപിസിസി പ്രസിഡന്‍റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിലവില്‍ കണ്ണൂര്‍ ഡിസിസി ഓഫിസ് ഒരു കറക്ക് കമ്പനിയുടെ കൈയിലാണ് (C Raghunath Kannur). പോകുന്നവരെല്ലാം പോകട്ടെയെന്ന എന്ന ചിന്തയാണ് നേതൃത്വത്തിനുള്ളത്. ഡിസിസിക്ക് പിന്നില്‍ വേട്ടക്കാരന്‍റെ മനസുള്ള നേതൃത്വമാണ്. ഡിസിസിയിൽ നിലവിലുള്ളവരില്‍ ഒരാളും സിപിഎം അക്രമം നേരിട്ടവരല്ലെന്നും പുതിയ ഡിസിസി നേതൃത്വം മനഃപൂർവ്വം തന്നെ തഴയുകയാണെന്നും സി രഘുനാഥ് പറഞ്ഞു (Congress Party In Kannur).
സൈബർ ആക്രമണം അതിരു കടക്കുകയാണ്. നിലവിലെ ഡിസിസി നേതൃത്വമാണ് കണ്ണൂർ മണ്ഡലത്തിൽ സതീശൻ പാച്ചേനിയുടെ പരാജയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുധാകരന്‍റെ ആളെന്ന് പറഞ്ഞു നടക്കുന്ന ചിലർ കപട മുഖങ്ങളാണെന്നും അവർ സുധാകരനെ പോലും അംഗീകരിക്കുന്നില്ലെന്നും ആദ്ദേഹം വ്യക്തമാക്കി (DCC General Secretary C Raghunath).