കണ്ണൂർ: പയ്യന്നൂര്‍ നമ്പ്യാത്രകൊവ്വല്‍ ശിവക്ഷേത്രത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ ജാതി വിവേചനമുണ്ടായെന്ന വിവാദത്തിന് പിന്നാലെ മറ്റൊരു വിവാദം കൂടി ഉയരുന്നു. ക്ഷേത്രം ട്രസ്റ്റി നിയമനവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ഭാരതീയ ദലിത് കോണ്‍ഗ്രസാണ് രംഗത്തെത്തിയത്. 1999 ലെ എച്ച്.ആർ 2/4177/ 99 നമ്പർ എസ്‌സി, എസ്‌ടി പ്രാതിനിധ്യ വ്യവസ്ഥ സർക്കുലർ ലംഘിച്ച് മലബാർ ദേവസ്വം ബോർഡ് ടി.ടി.കെ ദേവസ്വത്തിൽ ക്ഷേത്രം ട്രസ്റ്റി നിയമനം നടത്തിയെന്നാണ് ആരോപണം.
ആകെയുള്ള എട്ട് അംഗ ട്രസ്റ്റി ബോർഡാണ് ടിടികെ ദേവസ്വത്തിലുള്ളത്. ഇതിൽ മൂന്ന് പേരെയാണ് മലബാർ ദേവസ്വം ബോർഡ് നിയമിക്കുന്നത്. 1999ല്‍ സർക്കാർ ഇറക്കിയ ഉത്തരവും ഇവർ ഉയർത്തി കാട്ടുന്നു. മലബാർ ദേവസ്വം ബോർഡ് രൂപീകൃതമാകുന്നതിന് മുൻപ് തന്നെ ടി.ടി.കെ ദേവസ്വത്തിൽ പാരമ്പര്യേതര ട്രസ്റ്റുമാരെ നിയമിക്കുമ്പോൾ എസ്‌സി, എസ്‌ടി സംവരണം ഉറപ്പാക്കി മാത്രമാണ് നിയമനം നടത്തിയിട്ടുള്ളതെന്നും സംഘം ചൂണ്ടികാട്ടുന്നു.