കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്‌ത കേസ് പൊലീസ് അവസാനിപ്പിച്ചതോടെ വെല്ലുവിളിയുമായി സിപിഎം. ആന്തൂർ നഗരസഭാ ചെയർപേഴ്‌സനെ വ്യക്തിഹത്യ നടത്തിയ കോൺഗ്രസ്- ബിജെപി രാഷ്‌ട്രീയ നേതൃത്വവും അപവാദങ്ങൾ പ്രചരിപ്പിച്ച മാധ്യമങ്ങളും മാപ്പുപറയാൻ തയ്യാറുണ്ടോയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ചോദിച്ചു. പ്രവാസി വ്യവസായി സാജന് നീതി ലഭിക്കുകയും ഒരു കുറ്റവും ചെയ്യാത്ത ചെയർപേഴ്‌സനെതിരെ രാഷ്‌ട്രീയ പ്രേരിതമായി നടത്തിയ ആക്ഷേപങ്ങൾ തുറന്നു കാണിക്കുകയുമായിരുന്നു സിപിഐ എം സ്വീകരിച്ച സമീപനമെന്നും ജയരാജൻ. ഇത് രണ്ടും ശരിയാണെന്ന് അന്വേഷണ റിപ്പോർട്ട് തെളിയിക്കുന്നു. പി കെ ശ്യാമള ടീച്ചർ നിയമപരമായോ ധാർമികമായോ ഒരു കുറ്റവും ചെയ്‌തിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായ ആന്തൂർ നഗരസഭയിൽ സിപിഐ എമ്മിനെ തകർക്കാൻ ഒരു വിഷയം കിട്ടിയെന്ന സന്തോഷത്തിലായിരുന്നു അക്കാലത്ത് ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്‌ട്രീയപാർട്ടികൾ. വസ്‌തുതകൾ ബോധപൂർവം വളച്ചൊടിച്ച് ചില മാധ്യമങ്ങളും ഒപ്പം ചേർന്നു. സമീപകാലത്ത് കേരളത്തിൽ വളർന്നുവരുന്ന ഒരു പ്രവണതയാണ് സിപിഐഎം നേതാക്കളെയും പ്രവർത്തകരെയും വ്യക്തിഹത്യയിലൂടെ നശിപ്പിക്കുകയെന്നത്.
സാജൻ കേസ് അവസാനിച്ചതോടെ വെല്ലുവിളിയുമായി എം.വി ജയരാജൻ - കോൺഗ്രസ്- ബിജെപി
ആന്തൂർ നഗരസഭാ ചെയർപേഴ്‌സനെ വ്യക്തിഹത്യ നടത്തിയ കോൺഗ്രസ്- ബിജെപി രാഷ്‌ട്രീയ നേതൃത്വവും അപവാദങ്ങൾ പ്രചരിപ്പിച്ച മാധ്യമങ്ങളും മാപ്പുപറയാൻ തയ്യാറുണ്ടോയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ
സാജൻ മരിച്ച ദുഃഖകരമായ പശ്‌ചാത്തലത്തിൽ അത് മുതലെടുത്ത് സിപിഎമ്മിനെ മാസങ്ങളോളം വേട്ടയാടുകയായിരുന്നു. നമ്പി നാരായണനെ വേട്ടയാടിയവരുടെ പ്രേതമാണ് ഇത്തരക്കാരിൽ കയറിക്കൂടിയത്. ‘‘ഞാനീ കസേരയിൽ ഇരിക്കുന്നതുവരെ അനുമതി കൊടുക്കില്ലെന്ന്’’ ചെയർ പേഴ്‌സൺ പറഞ്ഞുവെന്ന പ്രചാരണം പച്ചക്കള്ളമാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സത്യം ഒരുനാൾ പുറത്തുവരുമെന്നതാണ് ഇതിലൂടെ വെളിവാകുന്നത്. വിവാദമുണ്ടാക്കിയവർ ഇനിയും പുതിയ കഥകൾ മെനഞ്ഞ് വരുമെന്ന് ഉറപ്പാണ്. എന്നാൽ ജനങ്ങൾക്ക് ഇതെല്ലാം ബോധ്യമാകുമെന്ന് ഇത്തരക്കാർ മനസിലാക്കുന്നത് നല്ലതാണെന്നും എം വി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു. അതെ സമയം സാജൻ വിഷയം വിവാദമായപ്പോൾ സിപിഎം വിളിച്ച് ചേർത്ത രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജനും എംവി ജയരാജനും പി കെ ശ്യാമളയെ വിമർശിച്ചിരുന്നു.