കണ്ണൂർ: കൊവിഡ് 19 സാമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. വൈറസിന്‍റെ വ്യാപന സാധ്യത കണക്കിലെടുത്ത് നാല് തദ്ദേശ സ്ഥാപനങ്ങളെ റെഡ് സോണിലും എട്ട് തദ്ദേശ സ്ഥാപനങ്ങളെ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. ജില്ലയുടെ ചില ഭാഗങ്ങളില്‍ സമ്പര്‍ക്കം മൂലമുള്ള കൊവിഡ് ബാധ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കിയത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം, വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് തദ്ദേശസ്ഥാപനങ്ങളെ മൂന്ന് സോണുകളായി തരംതിരിച്ചിരിക്കുന്നത്.
തലശ്ശേരി, പാനൂര്‍ മുനിസിപ്പാലിറ്റികള്‍, ന്യൂമാഹി, മൊകേരി, പന്ന്യന്നൂര്‍, ചിറ്റാരിപ്പറമ്പ്, ചൊക്ലി, നടുവില്‍ പഞ്ചായത്തുകള്‍ എന്നിവയാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ യെല്ലോ സോണിലാണ്. അഞ്ചോ അതിലധികമോ കൊവിഡ് പോസിറ്റീവ് കേസുകളും 2000ല്‍ അധികം ഹോം ക്വാറന്‍റൈൻ കേസുകളുമുള്ള പ്രദേശങ്ങളെയാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മുതല്‍ അഞ്ച് വരെ പോസിറ്റീവ് കേസുകളും 500 മുതല്‍ 2000 വരെ ഹോം ക്വാറന്‍റൈന്‍ കേസുകളും ഉള്ള പ്രദേശങ്ങളാണ് ഓറഞ്ച് സോണില്‍ ഉൾപ്പെട്ടിട്ടുള്ളത്.