കണ്ണൂർ: കൊവിഡ് സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം തുടങ്ങി. 0, 1 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാര്‍ഡ് ഉടമകൾക്കാണ് ഇന്ന് റേഷൻ വിതരണം ചെയ്യുന്നത്. ബിപിഎൽ, അന്ത്യോദയ എന്നീ മുൻഗണന വിഭാഗങ്ങൾക്ക് രാവിലെയും അല്ലാത്തവർക്ക് ഉച്ചയ്ക്ക് ശേഷവുമാണ് വിതരണം. സാമൂഹിക അകലം പാലിച്ച് റേഷൻ വിതരണം നടത്തണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ നൽകിയിട്ടുണ്ട്. ഒരു സമയം അഞ്ച് പേർ മാത്രമാണ് കടകളിൽ എത്തുന്നത്.
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം തുടങ്ങി - കര്‍ശന നിര്‍ദ്ദേശം
0, 1 എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാര്‍ഡ് ഉടമകൾക്കാണ് ഇന്ന് റേഷൻ വിതരണം ചെയ്യുന്നത്.
അന്ത്യോദയ വിഭാഗത്തിന് 35 കിലോ അരി, നീല, വെള്ള കാർഡുടമകൾക്ക് 15 കിലോ, പിങ്ക് കാർഡ് ഉടമകൾക്ക് കാർഡിൽ അനുവദിച്ച അളവ് എന്നിങ്ങനെയാണ് വിതരണം. തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ വഴി റേഷൻ സാധനങ്ങൾ വീടുകളിൽ എത്തിക്കാനും പദ്ധതിയുണ്ട്. അയൽക്കൂട്ട തലത്തിൽ ഇതിന് ക്രമീകരണം ഉണ്ടാക്കും. ഒരു വീടും ഒഴിവാക്കാതെ റേഷൻ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം രാവിലെ പതിനൊന്ന് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മാത്രമെ റേഷൻ കടകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാൻ അനുവാദമുള്ളു. റേഷൻ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡും അനുബന്ധ അപേക്ഷയും നൽകിയാൽ റേഷൻ ലഭ്യമാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.