കണ്ണൂർ: കോർപ്പറേഷൻ ഭരണമാറ്റത്തെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കോൺഗ്രസ് മുസ്ലിം ലീഗ് ബന്ധം വഷളാകുന്നു. പ്രശ്നം പരിഹരിക്കുന്നതു വരെ യുഡിഎഫ് പരിപാടികളിൽ നിന്ന് വിട്ട് നിൽക്കാൻ ലീഗ് തീരുമാനം.
കോർപ്പറേഷനിലെ ഭരണമാറ്റ തർക്കം; കണ്ണൂരില്‍ കോൺഗ്രസ് - ലീഗ് ബന്ധം ഉലയുന്നു
പ്രശ്നം പരിഹരിക്കുന്നതുവരെ യുഡിഎഫ് പരിപാടികളിൽ നിന്ന് വിട്ട് നിൽക്കാൻ ലീഗ് തീരുമാനം
പാർലമെന്‍റ് തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ് വിമതനായ പി കെ രാഗേഷിനെ തിരിച്ച് കൊണ്ടുവന്ന് അധികാരം പിടിച്ചെടുക്കുമെന്ന ഉറപ്പായിരുന്നു സുധാകരൻ ലീഗ് നേതൃത്വത്തിന് നൽകിയിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നര മാസം കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാത്തതോടെയാണ് ലീഗ് അതൃപ്തി പരസ്യമാക്കിയത്. പരിപാടികളിൽ നിന്ന് വിട്ട് നിൽക്കാനുള്ള തീരുമാനം മുസ്ലീംലീഗ് ഭാരവാഹി യോഗത്തിൽ ഭൂരിപക്ഷം പേരും അംഗീകരിച്ചു.
പ്രതിഷേധത്തിന്‍റെ ആദ്യ പടിയായി പഞ്ചായത്ത് തലത്തിലുള്ള യുഡിഎഫ് പരിപാടികളിൽ നിന്ന് ലീഗ് വിട്ടു നിൽക്കും. കെ. സുധാകരന്‍റെ വിജയത്തിനായി വിശ്രമമില്ലാതെ പ്രവർത്തിച്ച ലീഗ് അണികൾ പിന്മാറിയതോടെ കണ്ണൂർ നഗരത്തിലും അഴിക്കോടും നടത്താനിരുന്ന സ്ഥാനാർഥിയുടെ വിജയാഘോഷ പരിപാടികളും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കോർപ്പറേഷൻ വിഷയത്തിൽ പികെ രാഗേഷിനെ യുഡിഎഫിലേക്ക് എത്തിച്ചാൽ സ്ഥാനങ്ങൾ നൽകുന്നതിലുള്ള ധാരണയെ ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. രാഗേഷിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്ത് നിലനിർത്താമെന്നും മേയർ സ്ഥാനം കോൺഗ്രസും ലീഗും തുല്യമായി പങ്കിടുകയും ചെയ്യാം എന്നതുമാണ് കോൺഗ്രസ് മുന്നോട്ട് വെച്ച നിർദേശം. അതേ സമയം ഭരണ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ സമയം അവശേഷിക്കുന്നു എന്നിരിക്കെ മേയർ സ്ഥാനം പങ്കിടാൻ ലീഗിന് താൽപര്യമില്ല. ഡെപ്യൂട്ടി മേയർ കസേരയിലാണ് അവരുടെ കണ്ണ്. എന്നാൽ അത് ഒഴിഞ്ഞ് കൊടുത്തുള്ള നീക്കുപോക്കിന് രാഗേഷും തയ്യാറല്ല. വിഷയത്തിൽ ചർച്ചകൾ തുടരുകയാണെന്ന് പറയുന്ന കോൺഗ്രസ് അധികം വൈകാതെ സമവായത്തിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.