കണ്ണൂർ: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിപണിയിൽ സാനിറ്റൈസറുകൾ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യമാണുള്ളത്. എന്നാൽ, തളിപ്പറമ്പ് സർസയ്യദ് കോളജിലെ കെമിസ്ട്രി ഡിപ്പാർട്മെന്‍റിന്‍റെയും പിടിഎയുടെയും സംയുക്തമായുള്ള പ്രവർത്തനം ഇതിന് പരിഹാരം കണ്ടെത്തുകയാണ്. സാനിറ്റൈസറുകളുടെ ലഭ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ നിർമിച്ച ഉൽപന്നങ്ങൾ സൗജന്യമായിട്ടാണ് നഗരത്തിലെ ബസ്, ഓട്ടോ തൊഴിലാളികൾക്കും കോളജിലെ വിദ്യാർഥികൾക്കും നൽകുന്നത്.
സൗജന്യമായി സാനിറ്റൈസറുകൾ നിർമിച്ച് നൽകി കോളജ് വിദ്യാർഥികൾ - kannur latest
തളിപ്പറമ്പ് സർസയ്യദ് കോളജിലെ കെമിസ്ട്രി ഡിപ്പാർട്മെന്‍റും പിടിഎയും സംയുക്തമായാണ് സാനിറ്റൈസറുകൾ നിർമിച്ച് നൽകുന്നത്.
ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമുള്ള ഫോർമുല ഉപയോഗിച്ചാണ് കോളജിലെ കെമിസ്ട്രി ഡിപ്പാർട്മെന്‍റ് സാനിറ്റൈസര്‍ നിർമിച്ചു തുടങ്ങിയത്. ആവശ്യാനുസരണമുള്ള അളവിൽ ഐസോ പ്രോപ്പനോൾ, ഹൈഡ്രജെൻ പെറോക്സൈഡ്, ഗ്ലിസറോൾ എന്നിവ ഉപയോഗിച്ചാണ് സാനിറ്റൈസറിന്‍റെ നിർമാണം. സുഗന്ധ ദ്രവ്യമായി ആൽമണ്ട് ആണ് ഇവർ ഉപയോഗിച്ചിരിക്കുന്നതെന്നും കെമിസ്ട്രി ഡിപ്പാർട്മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫെസർ ഡോ.എ.ആർ ബിജു പറഞ്ഞു.
ഉൽപാദനച്ചിലവ് മാത്രം തന്നുകൊണ്ട് ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ അവർക്കും സാനിറ്റൈസറുകൾ നിർമിച്ചുനൽകാൻ കോളജ് തയ്യാറാണെന്നും പ്രിൻസിപ്പൽ ഡോ.പി.ടി അബ്ദുൽ അസീസ് പറഞ്ഞു. വരും ദിവസങ്ങളിലും സാനിറ്റൈസറുകൾ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.