കണ്ണൂർ:കെഎസ്‌ഇബിയും അദാനിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രമേശ് ചെന്നിത്തലക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. തീർത്തും വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളാർ എനർജി കോർപറേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെഎസ്ഇബി കരാർ ഒപ്പിട്ടത്. അവർ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെഎസ്ഇബിക്ക് നോക്കേണ്ടതില്ലെന്നും പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ അക്കൗണ്ട് എൽഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പിച്ച് പറഞ്ഞു. പ്രധാനമന്ത്രി അടക്കം വന്നിട്ടും സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
അദാനിയുമായി കരാര്‍; പ്രതിപക്ഷ നേതാവ് പച്ച നുണ പറയുന്നുവെന്ന് മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങളിൽ നടത്തിയതു പോലെ കേരളത്തെ ബിജെപിക്കു കാഴ്‌ചവെക്കാമെന്നു കോൺഗ്രസ് വ്യാമോഹിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്‍റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തെക്കുറിച്ച് വ്യാജ ചിത്രം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഉറപ്പായിട്ടും ജയിക്കുമെന്ന് പറയാൻ ബിജെപിക്ക് ഒരു സീറ്റില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ടു പോലും ബിജെപിക്ക് ഇത്തവണ കിട്ടില്ലെന്നും ഇത് അവരുടെ അഖിലേന്ത്യ നേതാക്കൾ മനസിലാക്കണം. ബിജെപിക്ക് വളരാൻ പറ്റിയ മണ്ണല്ല കേരളമെന്നും പിണറായി വിജയൻ കണ്ണൂരില്‍ പറഞ്ഞു. കോൺഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.
വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ടെന്നും എന്നാൽ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. അങ്ങനെയുള്ളവർ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാൽ ജനം അത് തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. സംസ്ഥാനത്തെ എപ്പോഴും ഇകഴ്ത്തി കാട്ടാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വർഗീയതക്ക് കീഴ്പ്പെടുന്നില്ല എന്നതാണ് കേരളത്തിന്‍റെ പ്രത്യേകത. അത്തരമൊരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാം, ശിക്ഷിക്കാം എന്നാണ് അവരുടെ നിലപാടെന്നും അതിനുള്ള ശ്രമമാണ് സംഘപരിവാർ എല്ലാ കാലത്തും നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികൾ ത്യാഗനിർഭരമായി പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം അനുവദിച്ച അരിക്ക് പോലും അണ പൈസ കണക്ക് പറഞ്ഞ് കേന്ദ്രം വാങ്ങി. സഹായത്തിന് മുന്നോട്ട് വന്ന രാജ്യങ്ങളെ അതിനനുവദിച്ചില്ല. സഹായിക്കാൻ തയ്യാറായവരെ പോലും വിലക്കി. ഇങ്ങനെ ഉള്ളവർ ഇവിടെ വന്ന് സംസാരിക്കുമ്പോൾ ആളുകൾ അത് തിരിച്ചറിയുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളത്തിൽ കൊവിഡ് സാഹചര്യത്തെക്കുറിച്ചും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. കഴിഞ്ഞയാഴ്‌ച ഉണ്ടായതിനേക്കാൾ കൂടുതല്‍ രോഗികൾ ഈ ആഴ്‌ച ഉണ്ടായി. മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം മുന്നറിയിപ്പായി എടുത്ത് കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വാക്‌സിനേഷൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും വാക്‌സിനേഷന്‍ വേഗം ഇനിയും വർധിപ്പിക്കുമെന്നും പിണറായി വിജയൻ കണ്ണൂരില്‍ പറഞ്ഞു.