കണ്ണൂർ: വോട്ടർ പട്ടികയില്‍ കൂടുതല്‍ ക്രമക്കേടുകളുടെ തെളിവ് പുറത്തുവിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോടും കണ്ടെത്താൻ കഴിഞ്ഞെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. പൂഞ്ഞാറിലും ചേർത്തലയിലും സമാന അവസ്ഥയുണ്ടെന്നും ക്രമക്കേട് ഇന്ന് തന്നെ കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
'അബദ്ധ പഞ്ചാംഗം';ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടെന്ന് രമേശ് ചെന്നിത്തല - election 2021
ജനവിധി അട്ടിമറിക്കാൻ സി.പി.എം ശ്രമമെന്ന് പ്രതിപക്ഷ നേതാവ്.
സംസ്ഥാനത്തെ വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമായി. 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ട വോട്ടർമാരുണ്ട്. ഇടത് അനുഭാവികളായ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നതായി സംശയിക്കുന്നു. അവർക്കെതിരെ നടപടി വേണം. ജനവിധി അട്ടിമറിക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസുകാരാണ് വ്യാജവോട്ട് ചേർത്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ശരിയായില്ല. ആര് വോട്ട് ചേർത്താലും നടപടി വേണം. ഇരട്ടവോട്ടുളളവരെ നീക്കം ചെയ്യേണ്ടതും അവർ വോട്ട് ചെയ്യാതിരിക്കേണ്ടതും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അനിവാര്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.