കണ്ണൂർ: ആറളം ഫാം ഹയർ ഹൈസ്ക്കൂൾ പുതുക്കി പണിയുന്നതിന് സമീപത്ത് കുഴൽ കിണർ നിർമിക്കുന്നതിനിടെ യന്ത്രസാമഗ്രികൾക്ക് തീ പിടിച്ചു. തീ ആളിപ്പടർന്ന് കുഴൽക്കിണർ ഡിഗ്ഗിങ്ങ് എഞ്ചിൻ്റെ ഭൂരിഭാഗവും കത്തി തീ ഡീസൽ ടാങ്കിനടുത്തേക്ക് വ്യാപിക്കുകയായിരുന്നു. പുക അന്തരീക്ഷത്തിലേത്ത് വ്യാപിച്ചതോടെ നിരവധിപേർക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ട എട്ട് വിദ്യാർഥികൾ ആശുപത്രിയിൽ ചികിൽസ തേടി. എട്ടാം ക്ലാസ് വിദ്യാർഥിനികളായ ദീപസണ്ണി ,കൺമണി ,അനുശ്രീ വീണ കുമാരി ,അനില ,താര ,രമ്യ ഒമ്പതാം ക്ലാസ് വിദ്യർഥിനി അനശ്വര എന്നിവരാണ് ചികിൽസ തേടിയത്. രണ്ടു കുട്ടികൾ ബോധരഹിതരായി. അഗ്നിശമന സേന സ്ഥലത്തെത്തി ഫോം ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
തമിഴ്നാട്ടിലെ ശ്രീബാലാജി ബോർവെൽസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബോർവെൽ എഞ്ചിൻ.എഞ്ചിന്‍ പ്രവർത്തിപ്പിക്കാന്‍ ഒരു തരത്തിലുള്ള സുരക്ഷാ പരിശീലനങ്ങളും തങ്ങൾക്ക് ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറയുന്നു. കുഴൽക്കിണർ ഡിഗ്ഗിങ്ങ് എഞ്ചിൻ്റെ പ്രവർത്തനത്തിന് നിഷ്കർഷിച്ച അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുഴൽക്കിണർ നിർമാണം നടക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.