വർഷം 1999... കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി ആറാം തവണയും ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു. സിപിഎമ്മിന് എന്നും തലവേദനയായ കണ്ണൂർ ലോക്‌സഭാ മണ്ഡലം പിടിക്കാൻ തലമൂത്ത നേതാക്കൻമാരുടെ പേരുകൾ പലതും പാർട്ടി തെരഞ്ഞു. ഒടുവില്‍ പാർട്ടി കണ്ടെത്തിയത് 32 വയസുകാരനായ എപി അബ്‌ദുള്ളക്കുട്ടിയെന്ന വിദ്യാർഥി നേതാവിനെ. അന്ന് അബ്‌ദുള്ളക്കുട്ടി കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ്.
പാട്യം രാജൻ, പി ശശി, രാമചന്ദ്രൻ കടന്നപ്പള്ളി, എസി ഷൺമുഖദാസ് തുടങ്ങിയ പ്രമുഖർ മത്സരിച്ച പരാജയപ്പെട്ട കണ്ണൂരില്‍ നിന്ന് 1999ല്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് അബ്‌ദുള്ളക്കുട്ടി ലോക്‌സഭയിലെത്തി. 2004ല്‍ 80000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മുല്ലപ്പള്ളിയെ വീണ്ടും തോല്‍പ്പിച്ച് അബ്‌ദുള്ളക്കുട്ടി ശരിക്കും അത്‌ഭുതക്കുട്ടിയായി. പക്ഷേ വികസനം രാഷ്ട്രീയത്തിന് അതീതമാണെന്ന നിലപാടുമായി അബ്‌ദുള്ളക്കുട്ടി രംഗത്ത് എത്തിയതോടെ 2009 മുതല്‍ പാർട്ടിയും അത്‌ഭുതക്കുട്ടിയും രണ്ട് വഴിയായി. കുട്ടിയുടെ മോദി സ്തുതി വർധിച്ചതോടെ അതേവർഷം സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട അബ്‌ദുള്ളക്കുട്ടി നേരെ പോയത് കോൺഗ്രസിലേക്ക്.
ഒട്ടും വൈകിയില്ല. കെ സുധാകരൻ ലോക്‌സഭയിലേക്ക് പോയപ്പോൾ കണ്ണൂർ മണ്ഡലത്തില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച അബ്‌ദുള്ളക്കുട്ടി നിയമസഭയിലെത്തി. 2011ല്‍ ജയം ആവർത്തിച്ചു. 2016ല്‍ പക്ഷേ കണ്ണൂരില്‍ സീറ്റ് കിട്ടിയില്ല. തലശേരിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കോൺഗ്രസുമായി അകന്ന അബ്‌ദുള്ളക്കുട്ടി പിന്നീട് പ്രത്യക്ഷപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്. 2019 ആയപ്പോഴേക്കും സിപിഎമ്മും കോൺഗ്രസും കടന്ന് അബ്‌ദുള്ളക്കുട്ടി ബിജെപിയിലെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിലേക്ക് ബിജെപി രണ്ടും കയ്യും നീട്ടി അബ്‌ദുള്ളക്കുട്ടിയെ സ്വീകരിച്ചു. പക്ഷേ അവിടെയും കുട്ടി അത്‌ഭുതം കാണിച്ചു. ദേശീയ പുന:സംഘടനയില്‍ കേരളത്തിലെ മുഴുവൻ നേതാക്കളെയും വെട്ടി ദേശീയ ഉപാധ്യക്ഷനായി.
ഇപ്പോഴിതാ ഒടുവില്‍ ആ തീരുമാനം വന്നിരിക്കുന്നു, മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അബ്‌ദുള്ളക്കുട്ടിയെ സ്ഥാനാർഥിയായി ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചു. നിയമസഭയിലേക്ക് മത്സരിക്കാൻ റെഡിയായിരുന്ന അബ്‌ദുള്ളക്കുട്ടിയെ വിജയപരാജയങ്ങൾക്കപ്പുറം ദേശീയ രാഷ്്ട്രീ ശ്രദ്ധ നേടാൻ തക്കവണ്ണം ലോക്‌സഭയിലേക്ക് മത്സരിപ്പിക്കണമെന്ന തീരുമാനമാണ് ബിജെപി കേന്ദ്രനേതൃത്വം സ്വീകരിച്ചത്. ഇതോടെ കേരളത്തിലെ മൂന്ന് മുന്നണികളിലും മത്സരിക്കുന്ന പ്രധാന രാഷ്ട്രീയ നേതാവായി അബ്‌ദുള്ളക്കുട്ടി മാറുകയാണ്. സിപിഎമ്മിലും കോൺഗ്രസിലും നിന്ന് മത്സരിച്ച ജയിച്ച അബ്‌ദുള്ളക്കുട്ടിക്ക് ബിജെപിയില്‍ അത്‌ഭുതം കാണിക്കാനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്നത്.