കേരളം

kerala

ETV Bharat / state

ലോക്ക് ഡൗൺ മാറി ജനം എത്തുന്നു; എന്നാൽ വൃത്തിഹീനമാണ് മുഴപ്പിലങ്ങാട് - മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്

നിരോധനാജ്ഞ നീക്കിയത്തോടെ ബീച്ചുകൾ കാണാൻ ആൾക്കാർ എത്തി തുടങ്ങി. മുഴപ്പിലങ്ങാട് ടൂറിസം പദ്ധതികൾക്കും ജീവൻ വച്ചു

beach_story_muzhappilangd_  muzhappilangad beach  കണ്ണൂർ  കണ്ണൂർ ബീച്ചുകൾ  മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്  കണ്ണൂർ വാർത്തകൾ
വൃത്തിഹീനമാണ് മുഴപ്പിലങ്ങാട്

By

Published : Nov 17, 2020, 12:36 PM IST

Updated : Nov 17, 2020, 2:20 PM IST

കണ്ണൂർ: കേരളത്തിൽ വാഹനങ്ങൾ ഓടിക്കാൻ അനുമതിയുള്ള ഏക ബീച്ചാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചെന്ന പ്രത്യേകതയും മുഴപ്പിലങ്ങാടിന് സ്വന്തമാണ്. അർധവൃത്താകൃതിയിൽ അഞ്ച് കിലോമീറ്റർ നീളത്തിൽ ഇവിടെ വാഹനം ഓടിക്കാം. ഉറച്ച് നിരപ്പായി കിടക്കുന്ന മണലിൽ വേലിയേറ്റ സമയത്ത് വെള്ളം നനയുന്നതോടെ പ്രതലം നല്ല ഉറപ്പാകും. സൈക്കിളും ബൈക്കും തുടങ്ങിയ എല്ലാ വാഹനങ്ങളും ഈ കടൽ തീരത്ത് കൂടെ യഥേഷ്ടം ഓടിക്കാം. താരതമ്യേന ആഴം കുറവായതിനാൽ സുരക്ഷിതമായി ഇവിടെ കടലിൽ ഇറങ്ങുകയും ചെയ്യാം. എന്നാൽ കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം ബീച്ച് അടച്ചതോടെ മുഴപ്പിലങ്ങാടിന്‍റെ സൗന്ദര്യവും നഷ്ടമായി. വിശാലമായ മണലോരത്ത് മരങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നു. ഇരിപ്പടങ്ങളും ചെറുകൂരകളും തകർന്നടിഞ്ഞിരിക്കുന്നു. ബീച്ചിലേക്കും കാടുകയറിയിരിക്കുന്നു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിരോധനാജ്ഞ നീക്കിയെങ്കിലും ബീച്ചുകൾ വൃത്തിഹീനമാണ്.

ലോക്ക് ഡൗൺ മാറി ജനം എത്തുന്നു; എന്നാൽ വൃത്തിഹീനമാണ് മുഴപ്പിലങ്ങാട്

ബീച്ച് സന്ദര്‍ശിക്കാമെങ്കിലും വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്ക് തുടരുകയാണ്. സിനിമ, ആൽബം നിർമ്മാതാക്കളുടെ ഇഷ്ടകേന്ദ്രമായ മുഴപ്പിലങ്ങാട് ബീച്ചിനെ തിരിച്ച് കൊണ്ടുവരണം എന്നാണ് ആല്‍ബം നിര്‍മാതാവായ ദാസ് കളരിക്കലിന് പറയാനുള്ളത്. അതേ സമയം മുഴപ്പിലങ്ങാടിന്‍റെയും ചേർന്ന് കിടക്കുന്ന ധർമ്മടം തുരുത്തിന്‍റെയും മുഖച്ഛായ മാറ്റുന്ന വമ്പൻ പദ്ധതിക്ക് ടൂറിസം വകുപ്പ് പണം നീക്കിവച്ചിട്ടുണ്ട്. 226 കോടി രൂപയുടെ പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി മുരളീധരൻ പറഞ്ഞു. വിവിധ സോണുകളാക്കി തിരിച്ചാണ് നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അഡ്വഞ്ചർ സോൺ, ഡ്രൈവിംഗ് സോൺ, കിഡ്സ് സോൺ ഇങ്ങിനെ തിരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പിലാകുന്നതോടെ ബീച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. ജനത്തിരക്ക് കൂടുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ ഇവിടെ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്ര, കുട്ടികളുടെ വിനോദ പരിപാടികൾ, പ്രദർശനങ്ങങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന്‍റെ ഭാഗമായി നടക്കാറുണ്ട്. ഇവിടെ നിന്നും 200 മീറ്റർ അകലെയാണ് ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. പച്ചത്തുരുത്ത് എന്നറിയപ്പെടുന്ന ഈ തുരുത്ത് മുഴപ്പിലങ്ങാടിന്‍റെ ടൂറിസം വളർച്ചക്ക് ഒരു പൊൻ തൂവൽ കൂടിയാണ്. റോഡ് മാർഗം എടക്കാട് വഴിയാണ് ഇങ്ങോട്ട് എത്തിച്ചേരാൻ കഴിയുക. കണ്ണൂരിൽ നിന്നും 15 കിലോമീറ്ററും തലശേരിയിൽ നിന്ന് എട്ട് കിലോമീറ്ററുമാണ് ഈ തീരത്തേക്കുള്ള ദൂരം.

Last Updated : Nov 17, 2020, 2:20 PM IST

ABOUT THE AUTHOR

...view details