ലോകത്തെ എട്ടാമത്തെ അത്ഭുതം 'ബ ഓ ബാബ്' വൃക്ഷം കണ്ണൂര്‍: ലോകസഞ്ചാരിയായ ഡേവിഡ് ലിവിങ്‌സ്റ്റണ്‍ ലോകത്തെ എട്ടാമത്തെ അത്ഭുതമെന്ന് വിശേഷിപ്പിച്ച ബ ഓ ബാബ് എന്ന വൃക്ഷം കാഴ്‌ചക്കാരില്‍ കൗതുകം ജനിപ്പിച്ച് തലശ്ശേരിയില്‍ നിലകൊള്ളുന്നു. സസ്യലോകത്തെ വിരൂപനായ ഈ വൃക്ഷം കാണാനും പഠനത്തിനുമായി സസ്യശാസ്ത്രഞ്ജന്‍മാരും വൃക്ഷസ്‌നേഹികളും തലശ്ശേരിയില്‍ എത്തിച്ചേരാറുണ്ട്. കാഴ്‌ചയില്‍ വൈരൂപ്യവും വൈവിധ്യവും ഈ വൃക്ഷത്തില്‍ സംഗമിക്കുന്നതാണ് ഇതിന്‍റെ സവിശേഷത.
അസാധാരണമായി തടിച്ചു വീര്‍ത്ത ഈ വൃക്ഷം ഒറ്റനോട്ടത്തില്‍ കാട്ടാനയുടെ ഉടല്‍ പോലെ തോന്നും. അതിനാല്‍ ഉത്തരേന്ത്യയില്‍ ഇതിനെ 'ഹാത്തിയന്‍ കാ ജാഡ്' (Hatiyan ka Jhad) എന്ന പേരില്‍ അറിയപ്പെടുന്നു. രാജസ്ഥാനില്‍ ബ ഓ ബാബ് മരത്തിനെ ഭക്തിപൂര്‍വ്വം ആദരിക്കുന്നു. ശ്രാവണമാസത്തില്‍ അമാവാസി ദിവസം ആയിരക്കണക്കിന് ഭക്തന്‍മാര്‍ ഈ വൃക്ഷത്തിന് ചുറ്റും കൂടുകയും പ്രദക്ഷിണം നടത്തുകയും ചെയ്യുന്ന പതിവുണ്ട്. സ്ത്രീകള്‍ മണ്‍വിളക്ക് തെളിയിച്ച് ഉഴിയുകയും ചെയ്യുന്നു.
എന്നാല്‍ തലശ്ശേരിയില്‍ ബ ഓ ബാബിന് വേണ്ടത്ര പരിഗണന ഇനിയും ലഭിച്ചിട്ടില്ല. തലശ്ശേരി-കണ്ണൂര്‍ റോഡിനരികില്‍ നഗരപാതയോരത്ത് നിലകൊള്ളുന്ന ഈ മരത്തിന് ചുറ്റും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനാണ് ഉപയോഗിച്ചു വരുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രകൃതി സ്‌നേഹികള്‍ ഒരു ബോര്‍ഡും മരത്തിന്‍റെ പ്രത്യേകതകളും ചില വരികളില്‍ എഴുതി വച്ചിരുന്നു. പക്ഷെ അതിനപ്പുറമൊന്നും അധികാരികള്‍ ചെയ്‌തു കാണുന്നില്ല. സസ്യലോകത്തിലെ വിരൂപന്‍, പൊണ്ണത്തടിയന്‍, കണ്ടാമൃഗത്തിന്‍റെ തൊലിയുള്ളവന്‍ എന്നുമൊക്കെ പ്രകൃതി നിരീക്ഷകര്‍ ബ ഓ ബാബിനെ കളിയാക്കി പറയാറുണ്ട്.
അടന്‍ സോണിയ ഡിജിറ്റാറ്റ (Adansonia digitata) എന്നാണ് ബ ഓ ബാബിന്‍റെ ശാസ്ത്രനാമം. 1749 ല്‍ ഫ്രഞ്ച് സസ്യ ശാസ്ത്രഞ്ജന്‍ അഡന്‍സണ്‍, മാഗ്‌ഡലീന്‍ എന്ന ദ്വീപില്‍ ഈ വൃക്ഷത്തെ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ സ്‌മരണ നിലനിര്‍ത്താനാണ് ഈ മരത്തിനെ അദ്ദേഹത്തിന്‍റെ പേരുമായി ബന്ധപ്പെടുത്തി അഡണ്‍സോണിയ എന്ന് നാമകരണം ചെയ്‌തത്. പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ പത്ത് മീറ്റര്‍ വ്യാസമാണ് ഈ മരത്തിനുണ്ടാവുക. തലശ്ശേരിയിലെ ബ ഓ ബാബ് എട്ട് മീറ്ററോളം വ്യാസത്തിലെത്തി നില്‍ക്കുകയാണ്.
വൃക്ഷത്തിന്‍റെ ശിഖരങ്ങള്‍ തായ്ത്തടിയില്‍ നിന്നും വേരുപോലെ വളരുന്നു. അധികം ഇലച്ചാര്‍ത്തില്ല. ഏപ്രില്‍ മെയ് മാസത്തോടെ ഇത് പുഷ്‌പിക്കും. പൂക്കള്‍ വിരിഞ്ഞ് കായ്‌കള്‍ പീച്ചിങ്ങ പോലെ തൂങ്ങി നില്‍ക്കും. ഗ്യാലന്‍ കണക്കിന് വെള്ളം സൂക്ഷിച്ചു വയ്‌ക്കാനുള്ള ബ ഓ ബാബ് ആയിരം വര്‍ഷത്തോളം നിലനില്‍ക്കും. വരള്‍ച്ചക്കാലത്ത് ഇതില്‍ നിന്നും വെള്ളമെടുക്കാം. അതിനാല്‍ ജീവന്‍റെ വൃക്ഷമെന്നും ആഫ്രിക്കയില്‍ ഇതിനെ വിളിക്കും. ബൈബിളില്‍ ജീവവൃക്ഷമെന്നും പരാമര്‍ശമുണ്ട്.
തലശ്ശേരിയിലെ ബ ഓ ബാബിനെ പ്രശസ്‌ത സസ്യ ശാസ്ത്രഞ്ജ ഇ.കെ ജാനകി അമ്മാളാണ് തിരിച്ചറിഞ്ഞത്. അഞ്ഞൂറുമുതല്‍ എണ്ണൂറ് വര്‍ഷം വരെ ഇന്ത്യയിലെ ബ ഓ ബാബിന് പഴക്കമുണ്ട്. ഹൈദരാബാദിലുള്ള മരങ്ങള്‍ക്ക് ഇതേ പഴക്കമുണ്ടെന്ന് കരുതുന്നു. ബ ഓ ബാബ് ഇന്ത്യയിലെത്തിയത് ശ്രീകൃഷ്‌ണന്‍ ആഫ്രിക്കയില്‍ പോയി കൊണ്ടു വന്നതാണെന്ന് കഥയുമുണ്ട്. മനുഷ്യന്‍റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ ഇതിന് കഴിവുണ്ടെന്നും ഭൂഖണ്ഡങ്ങള്‍ പിളരുന്നതിന് മുമ്പ് മനുഷ്യന്‍ ഇതിന് മുകളില്‍ താമസിച്ചതായും പറയുന്നു. കേരളത്തില്‍ തലശ്ശേരിക്കു പുറമേ അജാനൂരിലും ബ ഓ ബാബ് ഉണ്ട്.