കണ്ണൂര്‍ : പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയില്‍ നടന്ന ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥർക്കും പങ്കെന്ന് അന്വേഷണ റിപ്പോർട്ട്. ആറ് വർഷമായി ബാങ്കിൽ തട്ടിപ്പ് നടന്നുവരികയാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചവരുത്തിയെന്നും അന്വേഷണസംഘം പറയുന്നു.
അതിനിടെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ല സെഷൻസ് കോടതി റിപ്പോർട്ട് തേടി. 2015 മുതൽ ബാങ്കിൽ മുക്കുപണ്ട തട്ടിപ്പ് നടന്നുവരുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
ഒരു വർഷത്തിനിടെ പുറത്തുള്ള അപ്രൈസറുടെ സാന്നിധ്യത്തിൽ രണ്ട് തവണ റാന്‍ഡം പരിശോധന നടത്തണമെന്ന് നിയമമുണ്ടെങ്കിലും നടന്നിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. കൂടാതെ വായ്പ നൽകുന്നതില്‍ വീഴ്ച വരുത്തി. കൂടാതെ അപ്രൈസർക്ക് തട്ടിപ്പ് നടത്താനുള്ള വഴി ബാങ്ക് ഉദ്യോഗസ്ഥർ തന്നെ ഒരുക്കുകയും ചെയ്‌തു.
കൂടുതല്‍ വായനക്ക്: 'എല്ലാ മംഗളങ്ങളും' ; ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് ആശംസയുമായി ക്യാപ്റ്റന്‍ അമീന്ദര്‍ സിംഗ്
ഗുരുതര വീഴ്ച ബാങ്ക് ജീവനക്കാരിൽ നിന്ന് തന്നെ ഉണ്ടായതിൽ കര്‍ശന നടപടികൾ എടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ അറസ്റ്റ് തടയാണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ല സെഷൻസ് കോടതി തേടിയ റിപ്പോർട്ട് അടുത്ത ദിവസം കൈമാറും.
മൊട്ടമ്മൽ ലക്ഷ്മണൻ, കുഞ്ഞുമോൻ, ഇർഷാദ്, അബു ഹുദിഫ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റിലായ വസന്തരാജിന്റെ ജാമ്യഹർജി തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി തള്ളുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത ബാങ്ക് അപ്രൈസർ ടി.വി.രമേശന് പാർട്ട്‌ണര്‍ഷിപ്പ് ഉള്ള സ്വര ജ്വല്ലറിയിൽ പൊലീസ് പരിശോധന നടത്തി. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. മുക്കുപണ്ട പണയ തട്ടിപ്പുമായി സ്ഥാപനത്തിന് ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷിച്ചത്.