കണ്ണൂര്‍: കൊവിഡ് നിയന്ത്രണങ്ങളും ഇന്ധനവില വര്‍ധനയും കാരണം ദുതിതത്തിലായി ഓട്ടോ ടാക്സി തൊഴിലാളികള്‍. സംസ്ഥാനത്ത് കൊവിഡ് വര്‍ധിച്ചതോടെ പൊതുസ്ഥലങ്ങളില്‍ ആളുകള്‍ എത്തുന്നത് കുറഞ്ഞതാണ് പ്രധാന കാരണം. പുറത്തിറങ്ങുന്നവരില്‍ ഏറിയ പങ്കും സ്വകാര്യ വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നു. തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ഏഴോളം ഓട്ടോ സ്റ്റാൻഡുകളിലായി 1000ത്തില്‍ അധികം ഓട്ടോറിക്ഷളാണ് സർവീസ് നടത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ ഓട്ടോറിക്ഷകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. ഇതോടെ തൊഴിലാളികളുടെ വരുമാനം നിലച്ചു. ഒരു ദിവസം മുഴുവൻ നിരത്തിൽ ഇറങ്ങിയാലും 200 രൂപ പോലും ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു. തൊഴിലാളികളില്‍ മിക്കവരും മറ്റുള്ളവരില്‍ നിന്നും വണ്ടി വാടകക്ക് വാങ്ങിയാണ് ജോലിക്ക് എത്തുന്നത്. സവാരി നടത്തി ലഭിക്കുന്ന തുക വാടക ഇനത്തില്‍ നല്‍കാന്‍ പോലും തികയുന്നില്ല. മൂന്ന് മണിക്കൂറോളം സ്റ്റാൻഡിൽ നിർത്തിയിട്ടാല്‍ മാത്രമാണ് ഒരു സവാരിയെങ്കിലും ലഭിക്കുക. ഈ സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികളുടെ ദുരിതം തീർക്കാൻ ഓട്ടോറിക്ഷകൾക്ക് ഒറ്റ- ഇരട്ട അക്ക സമ്പ്രദായം ഏർപ്പെടുത്താനാമെന്നാണ് ആവശ്യം.