ജനശ്രദ്ധ നേടി കണ്ണൂരിലെ അരിക്കൊമ്പന്‍ കണ്ണൂർ: റേഷൻ കട തകർത്ത്, അരി തിന്നും വീട് തകർത്ത്, ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്‌ടിക്കുകയും ചെയ്‌ത് ഇടുക്കിയിലെ ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ അങ്ങനെയൊന്നും മലയാളി മറക്കാനിടയില്ല. നാടിന് ഭീഷണിയായതോടെ അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാലില്‍ ജനം സമരം തുടങ്ങി. കോടതി ഇടപെട്ടു.
ഒടുക്കം മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ കാട് കയറ്റി. അരിക്കൊമ്പൻ കാട്ടില്‍ എന്ത് ചെയ്യുന്നു എന്നറിയാൻ വനംവകുപ്പ് റേഡിയോ കോളറും കൊടുത്താണ് കാട് കയറ്റിയത്. അതിനാല്‍ ദിനംപ്രതി അരിക്കൊമ്പന്‍റെ പേരും വാർത്തയും നാം അറിയുന്നുണ്ട്. ചിന്നക്കനാലുകാർക്ക് പേടി സ്വപ്‌നമായിരുന്നെങ്കിലും അരിക്കൊമ്പന് കേരളത്തിലെമ്പാടും ഫാൻസുണ്ട് എന്നതാണ് വാസ്‌തവം. അത്തരമൊരു ഫാൻസ് കഥയാണിത്.
ഇത് കണ്ണൂരിലെ കണ്ണാടിപറമ്പിലെ അരിക്കൊമ്പന്‍റെ കഥയാണ്. എന്നാല്‍ ഇത് കാട്ടുകൊമ്പനൊന്നുമല്ല ഒരു സ്വകാര്യ ബസാണ്. രണ്ടാഴ്‌ചയായി അരിക്കൊമ്പന്‍ ബസ് സോഷ്യല്‍ മീഡിയയിലും താരമാണ്.
അരിക്കൊമ്പനോടുള്ള അടങ്ങാത്ത ആരാധന തന്നെയാണ് ബസിന് ഇത്തരത്തില്‍ പേരിടാന്‍ കാരണമായത്. യാത്രക്കാര്‍ക്കും ഇത് കൗതുക കാഴ്‌ചയാണ്. ബസിലെ ജീവനക്കാരനായ പ്രവീണും ഷിജുവുമാണ് ഈ പേരിടലിന് പിന്നില്‍. ധീരനായ അരിക്കൊമ്പനോടുള്ള ആരാധന മൂത്താണ് തൊഴിലെടുക്കുന്ന ബസിന് അരിക്കൊമ്പനെന്ന് പേരിട്ടിരിക്കുന്നത്.
കണ്ണൂർ- കണ്ണാടിപ്പറമ്പ് -ചേലേരി -മല്ലോട്ട് എന്നീ പാതകളില്‍ സര്‍വീസ് നടത്തുന്ന KL 59 G 4199 നമ്പർ ഷീന ബസിന്‍റെ പേരാണ് അരിക്കൊമ്പനെന്നാക്കിയത്. ആനകളെയും അതിലേറെ അരിക്കൊമ്പനെയും ഏറെ ഇഷ്‌ടപ്പെടുന്ന ബസ് കണ്ടക്‌ടര്‍ പ്രവീണും ബസിലെ ജീവനക്കാരനായ ഷിജുവുമാണ് ബസിന്‍റെ പേര് അരിക്കൊമ്പനെന്നാക്കിയത്. രണ്ടാഴ്‌ച മുമ്പാണ് ബസ് ഉടമ പോലും അറിയാതെ അരിക്കൊമ്പനോടുള്ള ആരാധന മൂത്ത് ബസിന് പേര് നൽകിയത്.
എന്നാല്‍ പേര് മാത്രമല്ല, മുന്നിലെ ഗ്ലാസിൽ അരിക്കൊമ്പന്‍റെ ചിത്രവും കൂടി വരച്ച് വച്ചിട്ടുണ്ട്. മാത്രവുമല്ല അരിക്കൊമ്പനെ ഏറെ ഇഷ്‌ടപ്പെടുന്ന ഇരുവരും അരിക്കൊമ്പന്‍റെ വീഡിയോകള്‍ ഒന്നൊഴിയാതെ കാണുന്നവരാണ്. പുതിയ പേരിൽ നിരത്തുകളിലൂടെ ഓടുമ്പോൾ നാട്ടുകാര്‍ക്കും ഇത് കൗതുക കാഴ്‌ചയാണ്.
ഷീന ബസ് എന്നതിന് പകരം അരിക്കൊമ്പന്‍ പോയോ എന്ന യാത്രക്കാരുടെ ചോദ്യങ്ങളും ഇവരുവര്‍ക്കും സന്തോഷം നല്‍കുന്നുണ്ട്.
അരി കൊതിയനായ അരിക്കൊമ്പന്‍:ഇടുക്കി വനമേഖലകളിലെ ജനവാസ കേന്ദ്രങ്ങളിലെല്ലാമെത്തി ആക്രമണം പതിവാക്കിയിരുന്ന അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. ഇത് ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ, പന്നിയാര്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു. എന്നാല്‍ വാര്‍ത്തകളില്‍ ഇടം നേടിയ അരിക്കൊമ്പന് വളരെ വേഗത്തിലാണ് ആരാധകരുണ്ടായത്.
അരിക്കൊമ്പന്‍ ചിന്നക്കനാല്‍ വിട്ടതോടെ ചക്കകൊമ്പന്‍റെ നേതൃത്വത്തില്‍ വീണ്ടും ആക്രമണങ്ങള്‍ തുടരുന്നുണ്ടെന്നുള്ളതാണ് വാസ്‌തവം. അരിക്കൊമ്പനെ ആക്രമണകാരിയാണെന്ന് പരാതിപ്പെട്ടവര്‍ക്ക് പോലും ചിന്നക്കനാലില്‍ നിന്ന് അബോധാവസ്ഥയില്‍ അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് മാറ്റുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞ് പോയിരുന്നു. മനുഷ്യ സമൂഹത്തില്‍ സ്‌നേഹം ഒരിക്കലും വറ്റി പോകില്ലെന്നതിന്‍റെ നേര്‍ സാക്ഷ്യമാണിത്. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇപ്പോഴും മുറവിളി കൂട്ടുമ്പോള്‍ ഒന്നുമറിയാതെ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്വൈര്യ വിഹാരം നടത്തുകയാണ് അരിക്കൊമ്പനെന്ന കാട്ടുകൊമ്പന്‍.