കണ്ണൂർ:ആദിവാസി മേഖലയായ ആറളം ഫാമിലെ ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയുള്ള വിദ്യാലയമായി സ്കൂൾ ക്യാംപസ് മാറുകയാണ്. കെ.കെ രാഗേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടും മറ്റ് സർക്കാർ ഏജൻസികളിലെ ഫണ്ടും ഉപയോഗപ്പെടുത്തി 40 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
മികച്ച കെട്ടിടം, സിന്തറ്റിക് ട്രാക് ഉൾപ്പെടെയുള്ള കളിസ്ഥലങ്ങൾ, ലബോറട്ടറി, ടോയിലറ്റ്, പാഠ്യേതര വിഭാഗങ്ങളിൽ കുട്ടികളുടെ നൈപുണ്യ വികസനം, ഹോസ്റ്റൽ സൗകര്യങ്ങൾ, കരിയർ രംഗം, കുട്ടികളുടെയും അധ്യാപകരുടേയും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും
പദ്ധതികളുടെ ഭാഗമായി 23 ഏക്കർ സ്ഥലം കൂടി സ്കൂളിന് ലഭ്യമായിട്ടുണ്ട്. ഐ.ടി.പിയിൽ നിന്നും 23 ഏക്കർ ഭൂമി സ്കൂളിനായി ഏറ്റെടുത്ത് കഴിഞ്ഞു. 95 ശതമാനം പട്ടിക വർഗ്ഗ വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന, ആദിവാസി പുനരധിവാസ മേഖലയെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന സ്കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയർത്താനാണ് കൂടുതൽ സ്ഥലം ഏറ്റെടുത്തത്. 40 കോടിയുടെ വികസന പദ്ധതി നടപ്പിലാകുന്നതോടെ ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് അന്താരാഷ്ട്ര നിലവാര പഠന സാഹചര്യം ഒരുങ്ങും. പദ്ധതിയുടെ പ്രൊജക്ട് റിപ്പോട്ട് ജില്ലാ നിർമിതി കേന്ദ്രമാണ് ഒരുക്കുന്നത്. മികച്ച കെട്ടിടം, സിന്തറ്റിക് ട്രാക് ഉൾപ്പെടെയുള്ള കളിസ്ഥലങ്ങൾ, ലബോറട്ടറി, ടോയിലറ്റ്, പാഠ്യേതര വിഭാഗങ്ങളിൽ കുട്ടികളുടെ നൈപുണ്യ വികസനം, ഹോസ്റ്റൽ സൗകര്യങ്ങൾ, കരിയർ രംഗം, കുട്ടികളുടെയും അദ്ധ്യാപകരുടെയും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും. ആദിവാസി ഗോത്രവർഗ്ഗ പരിസ്ഥിതി സംരക്ഷിച്ചാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുക. നിലവിൽ രണ്ട് ഏക്കർ സ്ഥലമാണ് സ്കൂളിന് ഉണ്ടായിരുന്നത്. അഞ്ഞൂറോളം ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂൾ ഈ വർഷമാണ് ഹയർ സെക്കണ്ടറിയായി ഉയർത്തിയത്. പദ്ധതി നടപ്പിലാകുന്നതോടെ പുനരധിവാസ മേഖലയിൽ വലിയൊരു വികസന കുതിപ്പാണ് സാധ്യമാകാന്‍ പോകുന്നത്.