കേരളം

kerala

ETV Bharat / state

പ്രിയ വർഗീസിന്‍റെ നിയമനം, വി സിയും സിൻഡിക്കേറ്റും ക്രമവിരുദ്ധമായി ഇടപെട്ടതിന്‍റെ രേഖ പുറത്ത് - ഡോ ഗോപിനാഥ് രവീന്ദ്രന്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായത് തെളിയിക്കുന്ന രേഖയാണ് പുറത്തുവന്നത്. ഏറെ വിവാദം ഉണ്ടാക്കിയ നിയമനമായിരുന്നു പ്രിയയുടേത്.

Appointment of Priya Varghese  Appointment of Priya Varghese record of irregular interference is out  Priya Varghese  Priya Varghese Appointment controversy  പ്രിയ വർഗീസിന്‍റെ നിയമനം  ഗവർണർ  ഡോ ഗോപിനാഥ് രവീന്ദ്രന്‍
പ്രിയ വർഗീസിന്‍റെ നിയമനം ; വി.സിയും സിൻഡിക്കേറ്റും ക്രമവിരുദ്ധമായി ഇടപെട്ടതിന്‍റെ രേഖ പുറത്ത്

By

Published : Aug 13, 2022, 2:04 PM IST

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിക്കാൻ വി സിയും സിൻഡിക്കേറ്റും ക്രമവിരുദ്ധമായി ഇടപെട്ടതിന്‍റെ നിർണായക രേഖ പുറത്ത്. നിയമന റാങ്ക് ലിസ്റ്റിൽ പ്രിയ വർഗീസ് ഒന്നാമത് എത്തിയത് ക്രമവിരുദ്ധമായിട്ടാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഉദ്യോഗാർഥികളിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോർ പ്രിയ വർഗീസിന് ആയിരുന്നിട്ടും അഭിമുഖത്തിൽ ലഭിച്ച ഉയർന്ന മാർക്കാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടാൻ കാരണമെന്ന് രേഖയിൽ നിന്ന് വ്യക്തമാണ്.

ക്രമവിരുദ്ധമായി ഇടപെടല്‍ നടന്നു എന്ന് കാണിക്കുന്ന രേഖ

156 ആണ് പ്രിയയുടെ റിസർച്ച് സ്കോർ. രണ്ടാം റാങ്ക് കിട്ടിയ കോട്ടയം സ്വദേശി ജോസഫ് സ്‌കറിയയുടെ റിസർച്ച് സ്കോർ 651 ആണ്. 8 വർഷത്തെ അധ്യാപന പരിചയത്തിന് പ്രിയ രണ്ട് വർഷം സ്റ്റുഡന്‍റ്സ് ഡയറക്‌ടറായ കാലയളവും പരിഗണിച്ചു എന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്.

തൃശ്ശൂർ കേരളവർമ കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്ന പ്രിയ വർഗീസിനെ, കണ്ണൂരിൽ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാനുള്ള നീക്കം വൻ വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക ഏറെ കാലം ഫയലിൽ കിടന്നു. എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചത്.

പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വി.സി ആയി പുനർനിയമനം ലഭിച്ചതെന്ന ആക്ഷേപവും ശക്തമായിരുന്നു. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ സമരം നടത്തുകയും ചെയ്‌തു. കഴിഞ്ഞവർഷം ഓഗസ്റ്റ് 7 മുതൽ പ്രിയ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്‍റ് ഡയറക്‌ടറായി ഡെപ്യൂട്ടേഷനിലാണ്.

ഡെപ്യൂട്ടേഷൻ കാലാവധി ഇപ്പോൾ ഒരു വർഷം കൂടി നീട്ടിയിട്ടുണ്ട്. കണ്ണൂരിൽ പ്രിയയ്ക്ക് സിന്‍ഡിക്കേറ്റ് നൽകിയത് ഒന്നാം റാങ്ക് ആണ്. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയാൽ അത് വഴി ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്‌ടർ തസ്‌തികയിലേക്ക് മാറാൻ സാധിക്കും. നിലവിൽ ഡയറക്‌ടർ തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്.

അതിനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായാണ് ഡെപ്യൂട്ടേഷൻ നീട്ടിയതെന്നും സൂചനയുണ്ട്. അതേസമയം പ്രിയ വർഗീസിന്‍റെ കണ്ണൂരിലെ നിയമനത്തിൽ ഗവർണർ അതൃപ്‌തി നേരത്തെ അറിയിക്കുകയും വി.സിയോട് റിപ്പോർട്ട് തേടുകയും ചെയ്‌തിരുന്നു. യുജിസി നി‍ർദേശിച്ച എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ലാതെയാണ് പ്രിയയെ പരിഗണിച്ചതെന്ന പരാതിയാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയത്. മറുപടി തൃപ്‌തികരമല്ലെങ്കിൽ വി.സിക്കെതിരെ കടുത്ത നടപടിയിലേക്ക് ഗവർണർ നീങ്ങാനും സാധ്യതയേറെയാണ്.

ABOUT THE AUTHOR

...view details