കണ്ണൂര്‍ :സ്വന്തമായി ബള്‍ബ് നിര്‍മിക്കാന്‍ ഔദ്യോഗികമായി എഞ്ചിനീയറിങ്ങൊന്നും പഠിക്കേണ്ടതില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഓട്ടോ ഡ്രൈവര്‍. വെറും പത്താംക്ലാസ് മാത്രം ഔപചാരിക വിദ്യാഭ്യാസമുള്ള പയ്യന്നൂര്‍ കാങ്കോലിലെ കുഞ്ഞികൃഷ്ണനാണ് ബള്‍ബുണ്ടാക്കി ശ്രദ്ധയാകര്‍ഷിക്കുന്നത്. കൊവിഡ് കാലത്ത് ഓട്ടം കുറഞ്ഞതോടെ വീട്ടിലിരിപ്പായതോടെയാണ് ബള്‍ബ് നിര്‍മാണത്തിലേക്ക് കടന്നത്.
ചെറുപ്പം മുതല്‍ തന്നെ ഇലക്ട്രിക് ഉപകരണങ്ങളോട് വലിയ താല്‍പ്പര്യമുണ്ടായിരുന്ന ഇദ്ദേഹമിപ്പോള്‍ വീടൊരു നിര്‍മാണ ശാലയാക്കിയിരിക്കുകയാണ്. എന്ത് ഉപകരണം കിട്ടിയാലും അത് അഴിച്ച് നോക്കി പഴയതുപോലെ ഫിറ്റ് ചെയ്യുന്നത് ഒരു ഹോബിയായിരുന്നു. ആവശ്യമായ പാര്‍ട്‌സുകള്‍ ഓണ്‍ലൈനായാണ് വാങ്ങുന്നത്. നിര്‍മിച്ച ബള്‍ബുകള്‍ കടകളില്‍ വിറ്റ് വരുമാനം കണ്ടെത്താനും കുഞ്ഞികൃഷ്‌ണന്‍ ശ്രമം നടത്തിവരുന്നു.
9, 11, 15 വാട്ട്സ് ബള്‍ബുകളാണ് നിര്‍മിച്ച് വില്‍പ്പന നടത്തുന്നത്. ആദ്യഘട്ടത്തില്‍ സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളികള്‍ക്കായിരുന്നു വിതരണം ചെയ്‌തത്. അത് എല്ലാവരിലും എത്തിയതോടെ കുഞ്ഞികൃഷ്ണന്‍റെ എം ഗ്ലേര്‍ എന്ന ബള്‍ബ് അന്വേഷിച്ച് കൂടുതല്‍ ആളുകളെത്താന്‍ തുടങ്ങി. ഒരു വര്‍ഷത്തെ വാറണ്ടിയുള്ള ബള്‍ബിന് വില 80 രൂപയാണ്. നിലവില്‍ പ്രതീക്ഷിച്ച കച്ചവടം ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
ഔപചാരികവിദ്യാഭ്യാസം പത്താംക്ലാസ്, ജോലി ഓട്ടോ ഓടിക്കല്‍ ; ബള്‍ബുണ്ടാക്കി കുഞ്ഞികൃഷ്ണന്‍ ഇ- കൊമേഴ്‌സ് വെബ്‌സൈറ്റിലെ തട്ടിപ്പ് തിരിച്ചടിയായി
ബള്‍ബ് നിര്‍മാണത്തിന് ആവശ്യമായ വസ്‌തുക്കള്‍ കടകളില്‍ നിന്ന് ഭീമമായ തുകയ്ക്ക് വാങ്ങേണ്ടി വരുന്നതിനാല്‍ ഓണ്‍ലൈനായാണ് സാധനങ്ങള്‍ എത്തിച്ചിരുന്നത്. എന്നാല്‍, ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകള്‍ തിരിച്ചടിയായെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ മുന്‍കൂറായി പണമടക്കേണ്ടതുണ്ട്. എന്നാല്‍, ചില കമ്പനികളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനായി പണം അടച്ചതല്ലാതെ ഉത്പന്നങ്ങള്‍ അയച്ചുകിട്ടുന്നില്ല.
അസംസ്‌കൃത വസ്‌തുക്കള്‍ക്ക് വില കൂടുതലായതുകൊണ്ട്, നല്ല സാധനം കുറഞ്ഞ വിലയ്ക്ക് വാങ്ങണമെങ്കില്‍ ഡല്‍ഹിയില്‍ തന്നെ പോകേണ്ടതുണ്ട്. അതിന് കഴിയാത്ത സ്ഥിതിയാണ് ഈ ഓട്ടോ ഈ ഡ്രൈവര്‍ക്ക്. അധികം ചൂടുപറ്റിയാലും കേടാകാത്ത രീതിയിലാണ് കുഞ്ഞികൃഷ്ണന്‍റെ ബള്‍ബുകള്‍ തയ്യാറാക്കുന്നത്.
ALSO READ:കണ്ണൂരില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് 60കാരി മരിച്ചു
ഇലക്ട്രിക് ഉപകരണങ്ങള്‍ മാത്രമല്ല മോട്ടോര്‍ തനിയെ ഓണാക്കാനും ഓഫാക്കാനും സഹായിക്കുന്ന ഒരു ഉപകരണം കൂടി ഇദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ഇലട്രിക് ഉപകരണ നിര്‍മാണ വിദഗ്‌ധനായ കുഞ്ഞികൃഷ്ണന്‍, തന്‍റെ ഓട്ടോയും ഇലക്ട്രിക്കാക്കിയിട്ടുണ്ട്. തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും കൂടുതല്‍ ഇലട്രിക് ഉത്‌പന്നങ്ങള്‍ നിര്‍മിച്ച് തന്‍റെ പരീക്ഷണജീവിതം വിജയകരമാക്കാമെന്ന ശുഭാപ്‌തിവിശ്വാസത്തിലാണ് ഇദ്ദേഹം.