കണ്ണൂർ: കല്യാശേരിയിൽ മൂന്ന് കിലോമീറ്ററിനുള്ളിലെ മൂന്ന് എടിഎമ്മുകളിൽ കവർച്ച നടത്തിയ സംഭവത്തിൽ ഹരിയാനയിൽ നിന്നും കേരള പൊലീസ് പിടികൂടിയ പ്രതികളെ കണ്ണൂരിൽ എത്തിച്ചു. ഹരിയാന, ഡൽഹി പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഹരിയാനയിലെ മേവാത്ത് സ്വദേശികളായ ഷാജാദ് (33), മുബീൻ (35), ന്യൂമാൻ (36 ) എന്നിവരെയാണ് പൊലീസ് കണ്ണൂരിലെത്തിച്ചത്. മോഷണം പോയ 26 ലക്ഷത്തിൽ 16 ലക്ഷം രൂപ പ്രതികളിൽ നിന്നും കണ്ടെടുത്തു. പ്രതികൾ നേരത്തെയും എ.ടി.എം കവർച്ച കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്നും കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു.
കല്യാശേരിയിലെ എടിഎം കവർച്ച; പ്രതികളെ കണ്ണൂരിൽ എത്തിച്ചു
സുരക്ഷ കുറവായതിനാലാണ് കേരളത്തിലെ ബാങ്ക് എ.ടി.എമ്മുകളിൽ കവർച്ച നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു
കണ്ടെയ്നർ ഡ്രൈവറായ ന്യൂമാന്റെ നേതൃത്വത്തിലാണ് കവർച്ച. എടിഎമ്മുകളെ കുറിച്ചുള്ള വിവരം സംഘങ്ങൾക്ക് കൈമാറിയത് ഇയാളാണ്. കൃത്യത്തിൽ ഏഴുപേർ ഉൾപ്പെട്ടതായാണ് വിവരം. ഫെബ്രുവരി 21ന് രാത്രി ഒന്നിനും നാലിനും ഇടയിലാണ് എ.ടി.എമ്മുകളിൽ കവർച്ച നടന്നത്. മൂന്നിടത്തും ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കവർച്ച നടന്നതെന്നതിനാൽ പിന്നിൽ ഒരേ സംഘമാണെന്ന പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു. സി.സി.ടി.വി കാമറകളും മൊബൈൽഫോണുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ബൊലേറോ വാഹനവും കണ്ടെയ്നർ ട്രക്കും കവർച്ചയിൽ ഉൾപ്പെട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദേശീയപാതകളിൽ പരിശോധന നടത്തിയിരുന്നു. ഇതിലൂടെ പ്രതികൾ കാസർകോട് വഴി അതിർത്തി കടന്നതായി കണ്ടെത്തി. തുടർന്ന് ഡിവൈ.എസ്.പി പി.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കവർച്ച സംഘത്തെ പിന്തുടർന്നു ഹരിയാനയിലെ മേവാത്ത് ജില്ലയിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. കണ്ണൂരിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി. ബാക്കിയുള്ള പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മാങ്ങാട് വൺ ഇന്ത്യ, കല്യാശ്ശേരി എസ്.ബി.ഐ, ഇരിണാവ് കോഓപറേറ്റീവ് ബാങ്ക് എ.ടി.എമ്മുകളിലാണ് കവർച്ച നടന്നത്. സുരക്ഷ കുറവായതിനാലാണ് കേരളത്തിലെ ബാങ്ക് എ.ടി.എമ്മുകളിൽ കവർച്ച നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.