കണ്ണൂർ: തളിപ്പറമ്പിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ നിയന്ത്രണം തുടരാൻ കലക്‌ടർ നിർദേശം നൽകി. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ നടത്തിയ പരിശോധനയിലാണ് 17 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആകെ 110 പേരെയാണ് കഴിഞ്ഞ ദിവസം റാപിഡ് ആന്‍റിജൻ പരിശോധനക്ക് വിധേയരാക്കിയത്. കൊവിഡ് ബാധിച്ച 17 പേരിൽ 13 പേർ തളിപ്പറമ്പ് നഗരസഭാ പരിധിയിലുള്ളവരാണ്. മറ്റ് രണ്ടുപേർ കുറുമാത്തൂർ പഞ്ചായത്തിൽ നിന്നുള്ള ദമ്പതികളാണ്. ഭാര്യ തളിപ്പറമ്പിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയും ഭർത്താവ് ഓട്ടോ ഡ്രൈവറുമാണ്. മറ്റ് രണ്ടുപേർ പരിയാരം പഞ്ചായത്തിലുള്ളവരാണ്. ഒരാൾ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും മറ്റേയാൾ ബന്ധുവുമാണ്.
തളിപ്പറമ്പിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ തളിപ്പറമ്പ് നഗരസഭാ പരിധിയിലുള്ളവരാണ്.
തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവു തേടി നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം കലക്‌ടറെ സമീപിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇളവ് നൽകാനാവില്ലെന്ന അദ്ദേഹം മറുപടി നൽകി. ഇതോടെ നിയന്ത്രണങ്ങൾ തുടരുകയാണ്. ഓണക്കാലത്ത് ഇളവുതേടി വ്യാപാരികൾ നടത്തിയ പ്രതിഷേധത്തിനും ഫലമുണ്ടായില്ല. ഇന്നലെ തളിപ്പറമ്പിൽ 34 പേർക്ക് സമ്പർക്കത്തിലൂടെയും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിൽ ഏഴാം മൈലിലെ ഒരു കുടുംബത്തിലെ 11 പേരും ഉൾപ്പെടുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ആന്‍റിജൻ പരിശോധനകൾ നടക്കുന്നുണ്ട്.