ഇടുക്കി: യാക്കോബായ സഭാവിശ്വാസികളുടെ പള്ളികള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ അടിമാലിയില്‍ നടത്തി വന്നിരുന്ന ഉപവാസ സമരം അവസാനിച്ചു. മൂന്നാം ദിവസത്തെ ഉപവാസ സമരം അടിമാലി മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. വി സ്‌കറിയ ഉദ്ഘാടനം ചെയ്‌തു. ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ യൂലിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി.
യാക്കോബായ സഭയുടെ റിലേ ഉപവാസ സമരം അവസാനിച്ചു - ഓര്‍ത്തഡോക്‌സ്
യാക്കോബായ വിശ്വാസികളുടെ ആരാധനാലയങ്ങള്‍ ഓര്‍ത്തഡോക്‌സ് പക്ഷം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു ഉപവാസം
യാക്കോബായ വിശ്വാസികള്‍ പടുത്തുയര്‍ത്തിയ ആരാധനാലയങ്ങള്‍ കോടതി വിധിയുടെ മറവില്‍ ഓര്‍ത്തഡോക്‌സ് പക്ഷം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു യാക്കോബായ സഭ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന റിലേ ഉപവാസ സമരത്തിന് അടിമാലിയില്‍ രൂപം നല്‍കിയിരുന്നത്. ബുധനാഴ്‌ച ആരംഭിച്ച സമരം വെള്ളിയാഴ്‌ച സമാപിച്ചു.
മൂന്നാം ദിവസത്തെ ഉപവാസ സമരത്തില്‍ ഫാദര്‍ മത്തായി കുളങ്ങരക്കുടി അധ്യക്ഷത വഹിച്ചു. അടിമാലി, തോപ്രാംകുടി, മുരിക്കാശ്ശേരി, വെള്ളത്തൂവല്‍, പതിനാലാം മൈല്‍, കുരിശുപാറ, മാങ്ങാതൊട്ടി, തൊട്ടിക്കാനം തുടങ്ങിയ പള്ളികളിലെ വികാരിമാര്‍, ട്രസ്റ്റിമാര്‍, വനിതാസമാജം ഭാരവാഹികള്‍ തുടങ്ങിയവര്‍ സമാപന ദിവസത്തെ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു. വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് വിവിധ ദിവസങ്ങളിലായി സമരപന്തലിലെത്തിയിരുന്നു. അടിമാലി സെന്‍റ് ജോര്‍ജ് യാക്കോബായ സിറിയന്‍ കത്തീഡ്രലിനു മുമ്പില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഉപവാസ സമരം നടന്നു വന്നിരുന്നത്.