ഇടുക്കി:കാലപ്പഴക്കത്താൽ ചോർന്നൊലിക്കുകയും മണ്ണിടിഞ്ഞ് വീണ് അപകടഭീഷണി ഉയർത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപ്പുതോട് വില്ലേജ് ഓഫീസിന്‍റെ കെട്ടിടം. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ പലതും ആധുനിക സജ്ജീകരണങ്ങളുള്ള സ്‌മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിന്‍റെ ഭാഗമായി, സ്ഥലം ലഭിച്ചാൽ ഉപ്പുതോട് വില്ലേജ് ഓഫീസും ഹൈടെക് ആക്കി മാറ്റാമെന്ന ഗവൺമെന്‍റ് നിർദേശത്തെ തുടർന്ന് നാട്ടുകാരും ഉപ്പുതോട് സെൻ്റ് ജോസഫ് പള്ളിയും ചേർന്ന് ആവശ്യമായ 10 സെൻ്റ് സ്ഥലം വിട്ടു നൽകി. എന്നാൽ സ്ഥലം ഏറ്റെടുത്ത് ഒരു വർഷമാകുമ്പോഴും കെട്ടിടം നിർമ്മിക്കാൻ ജില്ലാ ഭരണകൂടം മുൻകൈ എടുക്കാത്തതിനെതിരെ നാട്ടിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കെട്ടിട നിർമ്മാണത്തിനായി 44 ലക്ഷം രൂപ അനുവദിച്ചുവെന്നാണ് സർക്കാരിൽ നിന്നും ലഭിച്ച മറുപടി. എന്നാൽ നടപടികൾ പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടില്ല.
സ്‌മാര്‍ട്ടായില്ല, ഹൈടെക്കും ആയില്ല; അപകട ഭീതിയില്‍ ഉപ്പുതോട് വില്ലേജ് ഓഫീസ്
സ്ഥലം ലഭിച്ചാൽ ഉപ്പുതോട് വില്ലേജ് ഓഫീസും ഹൈടെക് ആക്കി മാറ്റാമെന്ന ഗവൺമെന്‍റ് നിർദേശത്തെ തുടർന്ന് നാട്ടുകാരും ഉപ്പുതോട് സെൻ്റ് ജോസഫ് പള്ളിയും ചേർന്ന് ആവശ്യമായ 10 സെൻ്റ് സ്ഥലം വിട്ടു നൽകിയിരുന്നു
നിലവിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിന്‍റെ കെട്ടിടം കാലപ്പഴക്കത്താൽ ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വില്ലേജ് ഓഫീസിലെ കെട്ടിടത്തിൻ്റെ പിൻഭാഗം മണ്ണിടിഞ്ഞ് വലിയ അപകടാവസ്ഥയിലാകുകയും പല ഭാഗത്തും വിള്ളൽ വീഴുകയും ചെയ്തു. പിൻഭാഗത്തെ മണ്ണിടിഞ്ഞതോടെ ശുചിമുറിയും തകരാറിലായി. ഇതുമൂലം ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
സംസ്ഥാനത്ത് സ്‌മാര്‍ട്ട് വില്ലേജായി പ്രഖ്യാപിച്ച മറ്റു പല വില്ലേജ് ഓഫീസുകളുടെയും കെട്ടിട നിർമാണം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടും ഉപ്പുതോട് വില്ലേജ് ഓഫീസിന്‍റെ മാത്രം കെട്ടിടനിർമ്മാണം ആരംഭിക്കാത്തത് എന്തുകൊണ്ട് എന്നാണ് നാട്ടുകാരുടെ ചോദ്യം. അടിയന്തരമായി വില്ലേജ് ഓഫീസിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ജനങ്ങൾക്കും വേണ്ട സൗകര്യം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.