ഇടുക്കി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും വന്യമൃഗശല്യവും കാലവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് സൃഷ്‌ടിക്കുന്നത്. ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ ആന, കാട്ടുപോത്ത്, മാന്‍, പന്നി തുടങ്ങിയവയുടെ ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രദേശത്ത് ഹെക്‌ടര്‍ കണക്കിന് വിളകളാണ് നശിച്ചത്. സീസണിൽ ലഭിക്കേണ്ട മഴയും ഈ വര്‍ഷം പെയ്തില്ല.
കാന്തല്ലൂരിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു - ഭക്ഷ്യസുരക്ഷ
പ്രദേശത്ത് ഹെക്‌ടര്‍ കണക്കിന് വിളകളാണ് നശിച്ചത്. സീസണിൽ ലഭിക്കേണ്ട മഴ പെയ്യാതിരുന്നതും കർഷകർക്ക് തിരിച്ചടിയായി
കാന്തല്ലൂര്‍ ഗൃഹനാഥപുരം കുട്ടിയാറില്‍ മുനിയാണ്ടിയുടെയും പി.കറുപ്പസ്വാമിയുടെയും നാലേക്കറോളം കൃഷിയാണ് കാട്ടുപോത്ത് നശിപ്പിച്ചത്. ഉരുളക്കിഴങ്ങ്, ബീന്‍സ്, കാരറ്റ്, കാബേജ് തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. ലോക്ക് ഡൗണിൽ അതിര്‍ത്തി ചെക്‌പോസ്റ്റുകൾ അടച്ചതിനാല്‍ മൂന്നിരട്ടി മുതല്‍ മുടക്കിയാണ് വിത്തും വളവും എത്തിച്ചിരുന്നത്. വിത്തിറക്കിയ വേളയില്‍ ലഭിക്കാറുള്ള മഴയും ഇല്ലാതിരുന്നതിനാൽ വിളകള്‍ വളര്‍ത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. വിളവെടുപ്പിന് ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണം. ഇത് തുടർന്നാൽ തങ്ങള്‍ കടക്കെണിയില്‍ അകപ്പെടുമെന്നും കര്‍ഷകര്‍ പറയുന്നു.