ഇടുക്കി:മാങ്കുളത്ത് പാറയിടുക്കിലെ വെള്ളത്തില്‍ വീണ കാട്ടാന ചരിഞ്ഞ നിലയില്‍. വലിയ പാറക്കുട്ടി ആദിവാസി കോളനിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയാനയെ അവശനിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ ഭാഗത്ത് കണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.
മാങ്കുളത്ത് പാറയിടുക്കില്‍ വീണ കുട്ടിയാന ചരിഞ്ഞ നിലയില്‍ - പാറയിടുക്കില്‍ വീണ കാട്ടാന ചരിഞ്ഞ നിലയില്‍
ഇടുക്കി മാങ്കുളത്തെ പാറയിടുക്കില്‍ ഇന്ന് രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്
നടന്ന് പോവുന്നതിനിടയിലോ, വെളളം കുടിക്കാൻ ശ്രമിച്ചപ്പോഴോ തെന്നി പാറയിടുക്കിൽ വീണതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന പ്രദേശത്തുണ്ടായിരുന്നതായും നാശ നഷ്‌ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും വിശദമായ പരിശോധന നടത്തിവരികയാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്‌ചയ്ക്കുള്ളില്‍ അപകടത്തില്‍പ്പെട്ട് ചരിയുന്ന രണ്ടാമത്തെ ആനയാണ് ഇത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബിഎല്‍ റാവിലെ ഏലത്തോട്ടത്തിനുള്ളിലുള്ള വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് സിഗരറ്റ് കൊമ്പനെന്ന് പേരുള്ള കാട്ടാന ചരിഞ്ഞിരുന്നു.