ഇടുക്കി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി അടിമാലി കുരങ്ങാട്ടി മേഖലയിലെ കുടുംബങ്ങള്‍. കഴിഞ്ഞ ദിവസം കൂട്ടമായെത്തിയ കാട്ടാനകള്‍ പ്രദേശത്തെ ഒരു വീട് പൂര്‍ണമായി തകര്‍ത്തു. ആനകള്‍ ജനവാസമേഖലയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ വനം വകുപ്പ് ഉടന്‍ ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടിമാലിയിൽ കാട്ടാന ശല്യം രൂക്ഷം; നടപടി വേണമെന്ന് നാട്ടുകാർ - idukki wild elephant problems
ആനകള്‍ ജനവാസമേഖലയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ വനം വകുപ്പ് ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അടിമാലി ടൗണുമായി ചേര്‍ന്ന് കിടക്കുന്ന കുരങ്ങാട്ടി മേഖലയില്‍ കാട്ടാന ശല്യത്തിന് ഇനിയും അറുതിയില്ല. കൂട്ടമായെത്തുന്ന കാട്ടാനകളെ ഭയന്നാണ് പ്രദേശത്തെ ജനങ്ങള്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ കാട്ടാന കൂട്ടം പ്രദേശത്ത് വലിയ ഭീതി പരത്തുകയും താണിക്കുഴിയില്‍ കുട്ടിയമ്മ മത്തായിയുടെ വീട് തകര്‍ക്കുകയും ചെയ്‌തു. സംഭവ സമയത്ത് വീട്ടില്‍ താമസക്കാരുണ്ടായിരുന്നില്ല. വീട് വാസയോഗ്യമല്ലാത്ത വിധം ആനകള്‍ തകര്‍ത്തുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി ഈ പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പറയുന്നു. ആനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്നാണ് പ്രാധാന പരാതി. ആനകള്‍ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാന്‍ വനംവകുപ്പ് അതിര്‍ത്തി മേഖലയില്‍ ആദ്യം ഫെന്‍സിംഗും പിന്നീട് കിടങ്ങും തീര്‍ത്തെന്നും എന്നാല്‍ ഇവയുടെ പ്രയോജനം വേണ്ടവിധം ലഭിക്കണമെങ്കില്‍ വനം വകുപ്പിന്‍റെ ഭാഗത്തു നിന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടാകണമെന്നുമാണ് സമീപവാസികള്‍ പറയുന്നത്. കാട്ടാനകള്‍ക്ക് പുറമെ പ്രദേശത്ത് കാട്ടു പന്നി ശല്യവും രൂക്ഷമാണ്.