ആനപ്പേടി വിട്ടൊഴിയാതെ ഇടുക്കി ഇടുക്കി:ഇടുക്കിയുടെ അതിര്‍ത്തി മേഖലകളില്‍ കാട്ടാനകളുമായുള്ള മനുഷ്യന്‍റെ അതിജീവന പോരാട്ടം ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളാണ് സംസ്ഥാനത്ത് ഏറ്റവുമധികം കാട്ടാന ശല്യം രൂക്ഷമായ പ്രദേശം. 2002 മുതല്‍ ഇതുവരെ 43 ജീവനുകളാണ് ഇവിടെ കാട്ടാന കലിയില്‍ പൊലിഞ്ഞത്.
മതികെട്ടാന്‍ ചോലയിലെ കാട്ടാനകളുടെ ചോരകൊതിയില്‍ ഒടുവിലത്തെ ഇരയാണ് വനം വകുപ്പ് വാച്ചര്‍ ശക്തി വേല്‍. കാടിനേയും കാട്ടാനയേയും കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്ന ശക്തിവേല്‍ തോട്ടം തൊഴിലാളികളുടെ ആശ്രയമായിരുന്നു. കാട്ടാന കൂട്ടങ്ങള്‍ ഇറങ്ങുമ്പോള്‍ ഓടിയെത്തിയിരുന്ന നാട്ടുകാരന്‍. ആനയെ ശാസിച്ച് ശാന്താനാക്കുന്നവന്‍.
ശക്തിവേല്‍ ആനയെ കാട്ടിലേക്ക് വിരട്ടി ഓടിക്കുന്നു ചില്ലികൊമ്പന്‍, അരികൊമ്പന്‍, ചക്കകൊമ്പന്‍ തുടങ്ങി തോട്ടം മേഖലയില്‍ കറങ്ങി നടക്കുന്ന നിരവധി ആനകള്‍ ഇവിടുണ്ട്. ആനപേടിയിലാണ് ഓരോ ദിവസവും തോട്ടം തൊഴിലാളികളുടെ ജീവിതം. ആന തോട്ടങ്ങളില്‍ തമ്പടിയ്ക്കുന്ന ദിവസങ്ങളില്‍ തൊഴില്‍ നഷ്‌ടപ്പെടും.
രാത്രികാലങ്ങളില്‍ ലയങ്ങള്‍ക്ക് മുന്‍പില്‍ ആനയെത്തുന്നത് പതിവാണ്. ജീവന്‍ നഷ്‌ടപെട്ടവരുടെ ആശ്രിതര്‍ക്ക് കൃത്യമായി നഷ്‌ടപരിഹാരവും നല്‍കുന്നില്ല. ആക്രമണത്തില്‍ പരിക്കേറ്റ് പാതി ജീവനുമായി കഴിയുന്നവരും നിരവധിയാണിവിടെ. പൂപ്പാറ, കോരമ്പാറ, മൂലത്തറ, സിങ്കുണ്ടം, 301 കോളനി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടാന ശല്യം പതിവാണ്.
ഏക്കറ് കണക്കിന് കൃഷിയിടങ്ങളാണ് ഓരോ വര്‍ഷവും ആന നശിപ്പിക്കുന്നത്. ദുരന്തം സംഭവിക്കുമ്പോള്‍ ഉടന്‍ ശാശ്വത പരിഹാരം എന്ന സ്ഥിരം പല്ലവി വനം വകുപ്പ് ഉയര്‍ത്താറുണ്ടെങ്കിലും കാടിറങ്ങുന്ന കൊമ്പന്‍മാരെ നിലയ്ക്ക് നിര്‍ത്താനുള്ള പദ്ധതികള്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.