ഇടുക്കി : ബോഡിമെട്ട് തോണ്ടിമലയില്‍ വീണ്ടും കാട്ടാന ആക്രമണം. തോണ്ടിമല ചൂണ്ടല്‍ സ്വദേശി എസ് നടരാജിന്‍റെ വീടിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ഷെഡ് കാട്ടാനക്കൂട്ടം തകര്‍ത്തു. കഴിഞ്ഞ ദിവസവും പ്രദേശത്ത് ഒറ്റയാന്‍റെ ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് തോണ്ടിമല ചൂണ്ടലില്‍ ഏഴ് ആനകളടങ്ങുന്ന കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തിയത്. നടരാജന്‍റെ വീടിന് പുറകുവശത്തായി നിര്‍മ്മിച്ചിരുന്ന ഷെഡ് ആന തകര്‍ത്തു. ഷെഡിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും അരിയും പലവ്യഞ്ജന വസ്തുക്കളും നശിപ്പിച്ചു. പ്രദേശത്ത് വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
പുലര്‍ച്ചെ ആക്രമണം ഉണ്ടായതോടെ പടക്കം പൊട്ടിച്ചും, ബഹളംവച്ചും, തീ കത്തിച്ചും പ്രദേശവാസികള്‍ ആനകളെ വീടിന് സമീപത്ത് നിന്നും ഓടിയ്ക്കുകയായിരുന്നു. മേഖലയില്‍ വഴിവിളക്കുകളോ, സഞ്ചാര യോഗ്യമായ റോഡോ ഇല്ലാത്തതിനാല്‍ ആനയുടെ ആക്രമണം ഉണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍ പോലും സാധിക്കില്ല.