ഇടുക്കി:കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി പൂപ്പാറ ചുണ്ടല്‍ നിവാസികള്‍. പൂപ്പാറ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാന കൂട്ടം വ്യാപക നാശമാണ് സൃഷ്‌ടിക്കുന്നത്. രണ്ടാഴ്‌ച മുമ്പ് ചുണ്ടലിലെ കൃഷിയിടത്തില്‍ എത്തിയ കാട്ടാന കൂട്ടം ഏക്കര്‍ കണക്കിന് ഏലം കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ചുണ്ടലിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെന്ന ഒറ്റയാന്‍ രണ്ട് വീടുകള്‍ തകര്‍ത്തു. വീടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന രണ്ട് പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങി പൂപ്പാറ ചുണ്ടല്‍ നിവാസികള്‍ - പൂപ്പാറ ചുണ്ടല്‍ നിവാസികള്‍
കഴിഞ്ഞ ദിവസം ചുണ്ടലിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെന്ന ഒറ്റയാന്‍ രണ്ട് വീടുകള്‍ തകര്‍ത്തു. വനം വകുപ്പിന്‍റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
കാട്ടാന അക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര പരിഹാരം കാണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍. ഇതിന് മുമ്പ് കാട്ടാന അക്രമണത്തില്‍ മരിച്ച ആളുടെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത അടക്കം ഉപരോധിച്ചിരുന്നു. എന്നാല്‍ ഉടന്‍ പരിഹാരം കാണാമെന്ന് പറഞ്ഞ് മടങ്ങിയതല്ലാതെ ഒരുവിധ നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വനം വകുപ്പിന്‍റെ അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകാന്‍ നാട്ടുകാര്‍ തയ്യാറെടുക്കുന്നത്. സര്‍ക്കാര്‍ വര്‍ഷാ വര്‍ഷം വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി കോടികൾ മാറ്റി വയ്ക്കുമെങ്കിലും സുരക്ഷാ വേലി സ്ഥാപിക്കുന്നതടക്കമുള്ള ഒരുവിധ നടപടിയും സ്വീകരിക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.