ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാന ആക്രമണം അതിരൂക്ഷം. ശനിയാഴ്‌ച രാത്രിയിലുണ്ടായ ഒറ്റയാന്‍റെ ആക്രമണത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. ചിന്നക്കനാല്‍ വിലക്ക്, മില്ലേനിയം കോളനിയിൽ പുലർച്ചെ ഒന്നരയോടെയാണ് ഒറ്റയാന്‍റെ ആക്രമണം നടത്തിയത്.
കോളനിവാസിയായ തങ്കത്തിന്‍റെ വീടിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീടിനോട് ചേര്‍ന്ന് നിര്‍മിച്ചിരുന്ന ഷെഡ് പൂര്‍ണമായും തകര്‍ത്തു. ഷെഡിനുള്ളില്‍ ഉണ്ടായിരുന്ന ഉപകരണങ്ങളും നശിപ്പിച്ചു. വലിയ ശബ്‌ദം കേട്ട് തങ്കവും ഭാര്യയും വീടിനുള്ളില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സമീപത്തായി ഹോം സ്‌റ്റേ നടത്തുന്ന അശോകന്‍ അത്ഭുതകരമായാണ് ആനയുടെ ആക്രണത്തില്‍ നിന്നും രക്ഷപെട്ടത്. ഹോം സ്‌റ്റേയുടെ ഗേറ്റിന് സമീപം എത്തിയ ആന, ഗേറ്റ് തകര്‍ത്ത ശേഷം തുമ്പികൈ ചുഴറ്റി അശോകനെ അടിയ്ക്കാന്‍ ശ്രമിച്ചു. ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട് ഓടുന്നതിനിടെ വീണാണ് അശോകന് പരിക്കേറ്റത്.