കേരളം

kerala

By ETV Bharat Kerala Team

Published : Dec 28, 2023, 6:11 PM IST

ETV Bharat / state

വിജയകാന്തിന്‍റെ വേർപ്പാടിന്‍റെ വേദനയിൽ ഇടുക്കി തോട്ടം മേഖലയും ഡിഎംഡികെ പ്രവർത്തകരും

Vijayakanth death: വിജയകാന്തിന്‍റെ വിയോഗത്തിൽ ഇടുക്കി തമിഴ് തോട്ടം മേഖലയിലെ ജനങ്ങളും ഡിഎംഡികെ പ്രവർത്തകരും ദുഃഖം അറിയിച്ചു. ഡിഎംഡികെ മൂന്നാർ, ചിന്നക്കനാൽ, ഉടുമ്പൻചോല, പാറത്തോട് എന്നിവിടങ്ങളിൽ അനുശോചന യോഗങ്ങൾ നടത്തും.

Vijayakanth death  വിജയകാന്ത് അന്തരിച്ചു  ഡിഎംഡികെ  DMDK
Vijayakanth death

ഇടുക്കി: പ്രമുഖ ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്‍റെ (Vijayakanth death) വേർപ്പാടിൽ മനംനൊന്തിരിക്കുകയാണ് ഇടുക്കിയിലെ തമിഴ് തോട്ടം മേഖലയിലെ ജനങ്ങളും ദേശീയ മുര്‍‌പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) പ്രവർത്തകരും. ദുഃഖാചരണത്തിന്‍റെ ഭാഗമായി ഡി എം ഡി കെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇടുക്കിയിലെ മൂന്നാർ, ചിന്നക്കനാൽ, ഉടുമ്പൻചോല, പാറത്തോട് എന്നീ സ്ഥലങ്ങളിൽ അനുശോചന യോഗങ്ങൾ നടത്തും (Vijayakanth death condolence meetings will be held at Idukki by DMDK).

ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ‌യായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്‌ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ന്യൂമോണിയ ബാധിച്ച താരത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. 2016 മുതല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരുന്നു രാഷ്‌ട്രീയത്തിൽ നിന്നും വിട്ടുനിന്നത്.

1979 ല്‍ പുറത്തിറങ്ങിയ 'ഇനിക്കും ഇളമൈ' എന്ന ചിത്രത്തിലൂടെ വില്ലനായാണ് വിജയകാന്ത് സിനിമലോകത്തേയ്ക്ക് അരങ്ങേറിയത്. 1981 ല്‍ 'സട്ടം ഒരു ഇരുട്ടറൈ' ആണ് നായകനെന്ന നിലയില്‍ വിജയകാന്തിന് ഖ്യാതി നേടികൊടുത്തത്. എണ്‍‌പതുകളിലും തൊണ്ണൂറുകളിലും നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച താരമായിരുന്നു അദ്ദേഹം.

തുടരെ തുടരെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച വിജയകാന്തിനെ ആരാധകര്‍ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. പാർട്ടി രൂപീകരിച്ചതോടെ ഇടുക്കിയിലെ അടക്കം തമിഴ് ഭൂരിപക്ഷ മേഖലകളിൽ വിജയകാന്തിന് പാർട്ടി പ്രവർത്തകരെ ലഭിച്ചു. അദ്ദേഹത്തിന്‍റെ വിയോഗം തങ്ങൾക്ക് വലിയ നഷ്‌ടമാണ് ഉണ്ടാക്കിയതെന്നാണ് ഇടുക്കിയിലെ വിജയകാന്ത് ആരാധകർ പറയുന്നത്.

തമിഴ്‌നാട്ടിലും വൈകാരികമായാണ് വിജയകാന്തിന്‍റെ വേർപാടിനോട് ആരാധകർ പ്രതികരിച്ചത്. ജില്ലയിലെ തമിഴ് ഭൂരിപക്ഷ കേന്ദ്രങ്ങളിൽ അനുശോചന യോഗങ്ങൾ നടത്തുമെന്ന് ഡി എം ഡി കെ പ്രവർത്തകർ അറിയിച്ചു.

Also read: നടന്‍ വിജയകാന്ത് അന്തരിച്ചു

കഴിഞ്ഞ ദിവസം ചെന്നൈയിലെ ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയും തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ആയിരുന്നു. ഇന്ന് രാവിലെയോടെയാണ് ആശുപത്രി അധികൃതര്‍ വിജയകാന്തിന്‍റെ മരണ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

2011ലാണ് അദ്ദേഹം എഐഎഡിഎംകെയുമായി ഡിഎംഡികെ സഖ്യമുണ്ടാക്കിയത്. പിന്നീട് 40 സീറ്റുകളില്‍ മത്സരിച്ച് 29 എണ്ണത്തിലും ജയിച്ചിരുന്നു. 2011 മുതൽ 2016 വരെ തമിഴ്‌നാട്ടിലെ പ്രതിപക്ഷത്തെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു വിജയകാന്ത്. എന്നാല്‍ പിന്നീട് ഡിഎംഡികെക്ക് വിജയം ആവർത്തിക്കാനായിരുന്നില്ല.

ABOUT THE AUTHOR

...view details