ഇടുക്കി: അടിമാലി താലൂക്കാശുപത്രിയുടെ വികസനത്തിന് തിരിച്ചടിയായി വിജിലന്‍സ് അന്വേഷണം. ആശുപത്രിയില്‍ നടന്നു വരുന്ന നിർമാണ ജോലികളില്‍ ക്രമക്കേട് ആരോപിച്ച് തൊടുപുഴ വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വര്‍ഷം മുൻപ് രോഗികള്‍ക്കായി തുറന്ന് നല്‍കിയ അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന്‍റെ നിർമാണ ജോലികള്‍ സംബന്ധിച്ചാണ് ആശുപത്രിയുടെ നിയന്ത്രണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ അംഗം വിജിലന്‍സിന് പരാതി നല്‍കിയത്.
അടിമാലി താലൂക്കാശുപത്രി നിർമാണം; തിരിച്ചടിയായി വിജിലൻസ് അന്വേഷണം
അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന്‍റെ നിർമാണ ജോലികള്‍ സംബന്ധിച്ചാണ് ആശുപത്രിയുടെ നിയന്ത്രണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ അംഗം വിജിലന്‍സിന് പരാതി നല്‍കിയത്
പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ അനുമതി വാങ്ങിച്ചിട്ടില്ലെന്നതടക്കമുള്ള വിവിധ കാരണങ്ങള്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളതായാണ് വിവരം. പരാതിയേയും അന്വേഷണത്തേയും തുടര്‍ന്ന് ആശുപത്രിയില്‍ നടന്നു വന്നിരുന്ന നിർമാണ ജോലികള്‍ നിലച്ചു. ഇതോടെ ആശുപത്രിയില്‍ സജ്ജമാക്കേണ്ടിയിരുന്ന ഡയാലിസിസ് യൂണിറ്റിനായുള്ള കാത്തിരിപ്പ് ഇനിയും നീളും. ആശുപത്രിയുടെ വികസനത്തെ പിന്നോട്ടടിക്കുന്നതാണ് പുതിയ നീക്കമെന്ന പരാതി വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്. പുതിയതായി നിര്‍മിച്ച ആശുപത്രി കെട്ടിടത്തിന് റാമ്പില്ലാത്തതടക്കം വിവിധങ്ങളായ അപര്യാപ്തതകള്‍ നിലനില്‍ക്കുന്നുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളും നിര്‍മാണ ജോലികളും പുരോഗമിച്ച് വരികെയാണ് വിജിലന്‍സ് അന്വേഷണത്തോടെ നിർമാണ ജോലികള്‍ അനിശ്ചിതത്വത്തിലായത്.