ഇടുക്കി:വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രതിയെ വെറുതെ വിട്ടു (vandiperiyar rape muder case court acquitted the accused). വണ്ടിപ്പെരിയാർ സ്വദേശി അർജുനെയാണ് വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി വി മഞ്ജു ആണ് വിധി പറഞ്ഞത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി പറഞ്ഞത്.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിലാണ് ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസിലായി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്‌തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കുറ്റപത്രം ഇങ്ങനെ:പ്രതി മൂന്നു വയസു മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയം മുതലെടുത്താണ് പീഡിപ്പിച്ചിരുന്നത്. വണ്ടിപ്പെരിയാർ സിഐ ആയിരുന്ന ടിഡി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.