ഇടുക്കി: ഉടുമ്പൻചോലയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. മൂന്നാഴ്ച മുമ്പ് നടന്ന സംഭവത്തിൽ പരാതി ലഭിച്ചിട്ടും പോക്സോ പ്രകാരം കേസെടുക്കാത്തതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സംഭവം നടന്ന് 15 ദിവസത്തിന് ശേഷം വ്യാഴാഴ്ച കേസെടുക്കുവാൻ ഉടുമ്പൻചോല പൊലീസ് തയ്യാറായത്. ഇതേ സമയം സംഭവത്തോടനുബന്ധിച്ച് പ്രതിയും കൂട്ടാളികളും മർദ്ദിച്ച് കൈയ്യൊടിച്ച ഇരയുടെ പിതാവിന്‍റെ പരാതിയിൽ അന്വേഷണം എങ്ങുമെത്തിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മൂന്നാഴ്ച മുമ്പാണ് ഉടുമ്പൻചോല സ്‌റ്റേഷൻ പരിധിയിലെ ആറ് വയസുകാരി പീഡനത്തിനിരയായത്. ഇതിനിടയിൽ ഇരയുടെ അച്ഛനെ പ്രതിയും കൂട്ടാളികളുമടങ്ങുന്ന ഏഴംഗ സംഘം മർദ്ദിച്ച് കൈ തല്ലിയൊടിച്ചു. ഈ പരാതിയിലും കേസെടുക്കുവാൻ പൊലീസ് തയ്യാറായില്ല.
ഉടുമ്പൻചോലയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്കെതിരെ പോക്സോ ചുമത്തി
പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേസ് രജിസ്‌റ്റർ ചെയ്തത്
സി പി ഐ എം അനുഭാവിയായ പ്രതിയെ പൊലീസും പാർട്ടി നേതൃത്വവും ചേർന്ന് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബി ജെ പി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു. തുടർന്ന് വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ശക്തമായതോടെ പോക്സോ വകുപ്പിൽ കേസെടുക്കുകയായിരുന്നു. ഈ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുവാനെത്തിയ വനിതാ കമ്മീഷൻ മുൻ അംഗം ഡോ. പ്രമീള ദേവിയോടും സംഘത്തോടും പ്രതിയെ മജിസ്ട്രേറ്റ് മൊഴിയെടുത്ത ശേഷം അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടന്നും കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും പൊലീസിന്‍റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ഉടുമ്പൻ ചോല സി ഐ ഷൈൻ കുമാർ പറഞ്ഞു. സംഭവത്തിൽ വനിതാ സെല്ലും അന്വേഷണം ആരംഭിച്ചു. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്..