ഇടുക്കി: വാഹന മോഷണ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുമളി രണ്ടാം മൈല്‍ സ്വദേശികളായ മണികണ്‌ഠന്‍, തങ്കരാജ് എന്നിവരാണ് അറസ്റ്റിലായത്. 2021ലാണ് കേസിനാസ്‌പദമായ സംഭവം.
കുമളി, കട്ടപ്പന കൈരളിപ്പടി, വള്ളക്കടവ് എന്നിവിടങ്ങളില്‍ നിന്ന് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും മോഷ്‌ടിച്ച മണികണ്‌ഠന്‍ ആക്രി വ്യാപാരിയായ തങ്കരാജിന് വില്‍ക്കുകയായിരുന്നു. ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന വാഹനങ്ങള്‍ 6000 രൂപയ്‌ക്കാണ് തങ്കരാജ് മണികണ്‌ഠനില്‍ നിന്ന് വാങ്ങിയത്.
മോഷണം പോയ ഓട്ടോറിക്ഷയില്‍ ഒന്നിന്‍റെ പിന്‍സീറ്റ് മറ്റൊരു ഓട്ടോറിക്ഷയില്‍ തങ്കരാജ് പിടിപ്പിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരം കട്ടപ്പന പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മോഷണത്തിന് ശേഷം മണികണ്‌ഠന്‍ വാഹനങ്ങള്‍ നിരവധി ആക്രി കടകളില്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന് തങ്കരാജിനെ സമീപിക്കുകയായിരുന്നു.
കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ മോഷണം നടത്തിയ ഇടങ്ങളിലും ആക്രി കടയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഡിവൈഎസ്‌പി വി.എ നിഷാദ് മോന്‍ പറഞ്ഞു.
പെരുകുന്ന കുറ്റകൃത്യങ്ങള്‍:സംസ്ഥാനത്ത് വാഹനങ്ങളുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. റോഡരികിലും വീട്ടുമുറ്റത്തും നിര്‍ത്തിയിട്ട വാഹനങ്ങള്‍ മോഷണം പോകുന്നത് പതിവ് സംഭവമായിട്ടുണ്ട്. കണ്ണൂരില്‍ ഓട്ടോറിക്ഷയ്‌ക്ക് തീവച്ച വാര്‍ത്ത ഇന്ന് പുറത്ത് വന്നു.
കണ്ണൂരില്‍ ഓട്ടോയ്‌ക്ക് തീവച്ചു: രാമന്തളി ചുളക്കടവില്‍ വീടിന് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ചു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും രാമന്തളി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പറുമായ സി.ജയരാജിന്‍റെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ട ഓട്ടോയാണ് രാവിലെ കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ മൂന്ന് മണിയോടെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ടിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
മോഷണ കേസില്‍ അധികവും പ്രായപൂര്‍ത്തിയാകാത്തവര്‍: ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് കോഴിക്കോട് ജില്ലയില്‍ ഉടനീളമുണ്ടായ വാഹന മോഷണ കേസുകളിലെ പ്രതികളെ സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പിടികൂടിയത്. ജില്ലയില്‍ വാഹന മോഷണം അധികരിച്ച സാഹചര്യത്തിലാണ് മോഷണ കേസിലെ പ്രതികളെ കണ്ടെത്താന്‍ സംഘം ശ്രമിച്ചത്. ജില്ലയില്‍ നിന്ന് പിടികൂടിയ പ്രതികളില്‍ അധിക പേരും പ്രായപൂര്‍ത്തിയാകാത്ത പ്രതികളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ആര്‍ഭാടമായ ജീവിതത്തിനായി പണം കണ്ടെത്തുന്നതിനായാണ് മോഷണം നടത്തുന്നതെന്ന് പ്രതികള്‍ പറഞ്ഞു. ഇരുചക്ര വാഹനങ്ങളാണ് മോഷണം പോകുന്നതില്‍ അധികവും. ബൈക്കുകള്‍ മോഷ്‌ടിച്ചതിന് ശേഷം രൂപമാറ്റം വരുത്തുകയും വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുകയും ചെയ്യും. കുറച്ച് നാളുകള്‍ ഉപയോഗിച്ചതിന് ശേഷം കുറഞ്ഞ വിലയ്‌ക്ക് ആക്രി കടകളില്‍ അല്ലെങ്കില്‍ വാഹനങ്ങള്‍ ആവശ്യമുള്ളവര്‍ക്കോ കൈമാറും.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ജില്ലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് കണ്ടെത്തിയ സംഘം ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ടു. മിക്ക കുട്ടികളും കുടുംബത്തെ അനുസരിക്കാതെ സ്വന്തം താത്‌പര്യ പ്രകാരം ജീവിക്കുന്നവരാണ്. വീടിന് പുറത്ത് കറങ്ങി നടക്കുന്നവരാണ് ഭൂരിപക്ഷം പേരുമെന്ന് അന്വേഷണ സംഘം കണ്ടെത്തി.