ഇടുക്കി :കാലവർഷവും തുലാവർഷവും ശക്‌തമായി ഇടുക്കിയിൽ പെയ്‌തിറങ്ങിയിട്ടും കുടിവെള്ളമില്ലാതെ വലയുകയാണ് ചിന്നക്കനാൽ പഞ്ചായത്തിലെ ചെമ്പകത്തൊഴുകുടിയിലെ ആദിവാസികൾ. കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാമെന്ന് ജനപ്രതിനിധികൾ വാഗ്‌ദാനം നൽകുന്നതല്ലാതെ ഇതുവരെ ഒന്നും ചെയ്‌തില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
കുടിവെള്ളമില്ലാതെ വലയുകയാണ് ചിന്നക്കനാൽ പഞ്ചായത്തിലെ ചെമ്പകത്തൊഴുകുടിയിലെ ആദിവാസികൾ. ആനയിറങ്കൽ അണക്കെട്ടിന്‍റെ നിർമാണ കലഘട്ടത്തിൽ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ താമസിച്ചുവരുന്ന ആദിവാസികളെ സംസ്ഥാന സർക്കാർ പുനരധിവസിപ്പിച്ച ഇടമാണ് ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ചെമ്പകത്തൊഴുകുടി.
പതിറ്റാണ്ടുകളായി ഈ മേഖലയിൽ അധിവസിക്കുന്നവരാണ് ആദിവാസി ജനവിഭാഗം. മുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഊരില്‍, ചിന്നക്കനാൽ ബി.എൽ റാം റോഡിന് മുകൾവശത്തായി താമസിക്കുന്ന ആദിവാസികൾക്കാണ് കുടിവെള്ളം ലഭിക്കാത്തത്.
പാപ്പാത്തിച്ചോല വറ്റിയാല്‍ കുടിവെള്ളം കിട്ടാക്കനി
സ്വന്തം ചെലവില്‍ പൈപ്പുകള്‍ വാങ്ങിയിട്ട് പാപ്പാത്തിച്ചോലയിൽ നിന്നാണ് നിലവിൽ കുടിവെള്ളം ശേഖരിക്കുന്നത്. വേനൽക്കാലത്ത് പാപ്പാത്തിച്ചോലയിലെ അരുവി വറ്റുന്നതോടെ കുടിവെള്ളം കിട്ടാക്കനിയാകും. മഴക്കാലത്ത് അരുവിയിലൂടെ ആർത്തലച്ചെത്തുന്ന മഴവെള്ള പാച്ചിലിൽ കുടിവെള്ള പൈപ്പുകൾ നശിക്കുകയും ചെയ്യും.
ചിന്നക്കനാൽ - ബി.എൽ റാം റോഡിന് ഇരുവശങ്ങളിലുമായിട്ടാണ് ചെമ്പകത്തൊഴുകുടി സ്ഥിതിചെയ്യുന്നത്. ഇതിൽ, റോഡിന് മുകളിൽ താമസിക്കുന്ന അൻപതോളം കുടുംബങ്ങൾക്കാണ് കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷം. ത്രിതല പഞ്ചായത്തും ജനപ്രതിനിധികളും കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാമെന്ന് വര്‍ഷങ്ങളായി വാഗ്‌ദാനം നല്‍കുന്നു.
എന്നാല്‍, പദ്ധതികൾ ഒന്നും പ്രവർത്തികമാക്കുന്നില്ലെന്ന് ആദിവാസികൾ പറയുന്നു. കുടിവെള്ളത്തിനായി, അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് കാടിന്‍റെ മക്കൾ.
ALSO READ:മോൻസണിനെതിരെയുള്ള അന്വേഷണം വൈകിപ്പിച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ്