ഇടുക്കി : തൊടുപുഴയിൽ വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്‍റ് സോൺ ആക്കുകയും അധികൃതർ ഒരുവശത്തെ കടകൾ മാത്രം അടപ്പിക്കുകയും ചെയ്‌തതില്‍ പ്രതിഷേധം. മറുവശത്തുള്ള എല്ലാ കടകളും പതിവുപോലെ തുറന്നുപ്രവർത്തിക്കുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
തൊടുപുഴ നഗരത്തിൽ കൊവിഡ് വ്യാപനത്തോത് കൂടുതലുള്ള വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ പേരിലാണ് അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റെല്ലാം അടച്ചിടാൻ അധികൃതർ നടപടി എടുത്തത്.
എന്നാൽ തൊട്ടടുത്ത് റോഡിന്‍റെ മറുവശത്ത് ഉള്ള അടുത്ത വാർഡിലെ കടകൾ ഒരു നിയന്ത്രണവുമില്ലാതെ നിർബാധം പ്രവർത്തിക്കുകയാണ്. കൊവിഡ് രൂക്ഷമായ വാർഡുകളിൽ നിന്നുള്ള ആളുകൾക്ക് യാതൊരു തടസവും ഇല്ലാതെ മറുവശത്തെ കടകളിൽ എത്തി സാധനങ്ങൾ വാങ്ങാമെന്നിരിക്കെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് വ്യാപാരികൾ പറയുന്നു.