ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ തലമാലി, പെട്ടിമുടി മേഖലകൾക്ക് പിന്നാലെ വെളളത്തൂവൽ ഗ്രാമപഞ്ചായത്തിലെ കൂമ്പൻപാറ അമ്പിളിക്കുന്ന് മേഖലയിലും കടുവയുടെ സാന്നിധ്യം. പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തോട് ചേർന്ന് കടന്നു പോകുന്ന പാതയോരത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. സംഭവത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിരീക്ഷണം ആരംഭിച്ചു.
കടുവ ഭീതിയിൽ ഇടുക്കി: വെളളത്തൂവൽ ഗ്രാമപഞ്ചായത്തിൽ കടുവയുടെ കാൽപ്പാടുകൾ
കഴിഞ്ഞ ദിവസങ്ങളിൽ പെട്ടിമുടി, തലമാലി മേഖലകളിൽ കടുവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെടുകയും ആളുകളിൽ ആശങ്ക ഉയരുകയും വനംവകുപ്പ് നിരീക്ഷണം തുടരുകയും ചെയ്‌തിരുന്നു
കഴിഞ്ഞ ദിവസങ്ങളിൽ പെട്ടിമുടി, തലമാലി മേഖലകളിൽ കടുവയുടെ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെടുകയും ആളുകളിൽ ആശങ്ക ഉയരുകയും വനംവകുപ്പ് നിരീക്ഷണം തുടരുകയും ചെയ്യുന്നതിന് പിന്നാലെയാണ് അമ്പിളിക്കുന്ന് ഭാഗത്തും കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. കാൽപ്പാദത്തിന് 12 സെൻ്റീമീറ്ററോളം വ്യാസമുണ്ടെന്നാണ് സൂചന. പ്രദേശവാസികൾ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തുകയും നിരീക്ഷണം ആരംഭിക്കുകയും ചെയ്‌തു.
അമ്പിളിക്കുന്ന് മേഖലയിലെ പാറയിടുക്കുകളിൽ കടുവ പകൽ താവളം കണ്ടെത്തിയിരിക്കാനുള്ള സാധ്യതയും പ്രദേശവാസികൾ പങ്ക് വയ്ക്കുന്നുണ്ട്. ജാഗ്രതാ നടപടികളുടെ ഭാഗമായി വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കുമെന്നാണ് സൂചന. കൂമ്പൻപാറ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആളുകളോട് ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്.