ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് രോഗം ഭേദമായി
ജില്ലയില്‍ ഇതുവരെ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ രോഗമുക്തരായി.
ഇടുക്കി: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി. ചുരുളി സ്വദേശിയായ പൊതു പ്രവര്‍ത്തകനും ബൈസല്‍വാലി സ്വദേശികളായ അധ്യാപികക്കും മകനുമാണ് രോഗം ഭേദമായത്. അധ്യാപികയും മകനും വീട്ടിലേക്ക് മടങ്ങി. ഇവരിപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. എന്നാല്‍ ചുരുളി സ്വദേശി ആശുപത്രി വിട്ടിട്ടില്ല. ഇന്ന് പുതിയതായി 97 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 4,372 ആയി. ഇതില്‍ എട്ടു പേര്‍ ആശുപത്രിയിലും 4,364 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 18 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇനി 43 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെ പത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ബ്രിട്ടീഷ് പൗരനടക്കം ആറ് പേര്‍ രോഗമുക്തരായി.