തൊടുപുഴ കുട്ടിയുടെ പിതാവിന്‍റെ മരണത്തിൽ ദുരൂഹത - thodupuzha
കുട്ടിയുടെ മാതാവിന്‍റെ മൊഴിയാണ് സംശയത്തിനിടയാക്കിയത്. ഭര്‍ത്താവ് ബിജുവിന്‍റെ മരണത്തെ തുടര്‍ന്നാണ് അരുണുമായി അടുത്തത് എന്നാണ് മൊഴി
തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അരുൺ ആനന്ദിനെതിരെ കൂടുതല്‍ പരാതികളുമായി ബന്ധുക്കൾ. കുട്ടിയുടെ അച്ഛൻ ബിജുവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജുവിന്‍റെ അച്ഛന്‍ ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. 2018 മെയിലാണ് ബിജു മരിച്ചത്. ബിജുവിന്‍റെ മരണത്തെ തുടർന്നാണ് അരുൺ ആനന്ദുമായി പരിചയപ്പെട്ടതെന്ന യുവതിയുടെ വെളിപ്പെടുത്തൽ സംശയത്തിന് വഴിവച്ചിരുന്നു. അരുൺ ആനന്ദ് ഇളയകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ ബി വേണുഗോപാൽ പറഞ്ഞു. പോക്സോ, വധശ്രമം, ബാലനീതി നിയമം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. തലസ്ഥാന നഗരിയിലെ ഗുണ്ട സംഘങ്ങളുടെ നേതാവാണ് ഇയാളെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കോബ്ര എന്ന അപര നാമത്തിലാണ് ഇയാള്‍ ഗുണ്ട സംഘത്തിനിടയില്‍ അറിയപ്പെടുന്നത്. കൊലക്കേസ് ഉള്‍പ്പടെ ഏഴ് കേസുകള്‍ ഇയാള്‍ക്കെതിരെ തലസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്.