പിളര്‍പ്പിന് ശേഷം രണ്ട് മുന്നണികളിലായ കേരള കോണ്‍ഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം. ആകെ നടന്ന 14 തെരഞ്ഞെടുപ്പുകളില്‍ ഒമ്പത് തവണയും പി.ജെ ജോസഫിനെ നിയമസഭയിലേക്കയച്ച ചരിത്രമാണ് തൊടുപുഴയുടേത്. 2016 ല്‍ സംസ്ഥാനം ഇടതിനൊപ്പം നീങ്ങിയ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ പിജെ ജോസഫിന് ഹാട്രിക് ജയവും നല്‍കി.
ജോസ് വിഭാഗവുമായുള്ള തര്‍ക്കത്തില്‍ ചിഹ്നം നഷ്ടമായെങ്കിലും ഇത്തവണയും മണ്ഡലം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ജോസഫ് വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം നേടിയ മുന്‍തൂക്കവും പ്രതീക്ഷ ഉയര്‍ത്തുന്നു. 2016ല്‍ പി.ജെ ജോസഫിന്‍റെ പ്രചാരണത്തിന് സജീവ സാന്നിധ്യമായിരുന്ന പ്രൊഫ. കെ.ഐ ആന്‍റണിയാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സുപ്രീംകോടതി വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ നേടിയ രണ്ടില ചിഹ്നത്തിലാണ് ആന്‍റണി ജനവിധി തേടുന്നത്. മുമ്പ് ബിഡിജെഎസ് മത്സരിച്ച സീറ്റില്‍ ഇത്തവണ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി ശ്യാം രാജാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
മണ്ഡല ചരിത്രം
1957ലാണ് തൊടുപുഴ നിയമസഭ മണ്ഡലം നിലവില്‍ വന്നത്. തൊടുപുഴ നഗരസഭയും ആലക്കോട്, ഇടവെട്ടി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം പഞ്ചായത്തുകളും ചേര്‍ന്നതാണ് മണ്ഡലം. ആകെ 1,91,210 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 94,858 പേര്‍ പുരുഷന്മാരും 96,351 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.
മണ്ഡല രാഷ്ട്രീയം
1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സി.എ മാത്യുവിനായിരുന്നു ജയം. 1960ലും മാത്യു വിജയം ആവര്‍ത്തിച്ചു. 1967ല്‍ സ്വതന്ത്രനായ കെ.സി സക്കറിയ നിയമസഭയിലെത്തി. കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയല്ലാതെ തൊടുപുഴയില്‍ നിന്ന് ജയിച്ച ഏക സ്ഥാനാര്‍ഥിയാണ് കെ.സി സക്കറിയ.
പി.ജെ ജോസഫും തൊടുപുഴയും തമ്മിലുള്ള ആത്മബന്ധം തുടങ്ങുന്നത് 1970ലെ തെരഞ്ഞെടുപ്പിലാണ്. സ്വതന്ത്രനായ യു.കെ ചാക്കോയെ 1,635 വോട്ടിന് തോല്‍പ്പിച്ച് ജോസഫ് 21 വര്‍ഷം നീണ്ട തുടര്‍ ജയങ്ങള്‍ക്കും തുടക്കമിട്ടു. 1977ലെ രണ്ടാം അങ്കത്തില്‍ കേരള കോണ്‍ഗ്രസ് (പിള്ള) സ്ഥാനാര്‍ഥി എ.സി ചാക്കോയെ 13,908 വോട്ടിന് ജോസഫ് തോല്‍പ്പിച്ചു. 1980ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(യു) സ്ഥാനാര്‍ഥി കുസുമന്‍ ജോസഫായിരുന്നു എതിരാളി. 10,317 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ ജോസഫിന്‍റെ ജയം. 1982ല്‍ കേരള കോണ്‍ഗ്രസിനെതിരെ ആര്‍എസ്‌പി രംഗത്തെത്തി. എന്‍.എ പ്രഭയെ 15,738 വോട്ടിന് ജോസഫ് തോല്‍പ്പിച്ചു. ആദ്യമത്സരത്തിനിറങ്ങിയ ബിജെപി ഡി മാത്യുവിലൂടെ 3,665 വോട്ട് നേടി. 1987ല്‍ സിപിഎം സ്ഥാനാര്‍ഥി എം.സി മാത്യുവിനെയും ജോസഫ് തോല്‍പ്പിച്ചു. 10,252 വോട്ടിനായിരുന്നു ഇത്തവണ ജയിച്ചത്.