ഇടുക്കി:സംസ്ഥാനത്ത് ആദ്യമായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിമാലി മച്ചിപ്ലാവില്‍ നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ മലിനജല സംസ്‌കരണം താറുമാറായെന്ന് പരാതി. ശുചിമുറിമാലിന്യവും അടുക്കളമാലിന്യവും സംഭരിക്കുന്ന ടാങ്കുകൾ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നുവെന്നാണ് താമസക്കാരുടെ ആക്ഷേപം. ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മച്ചിപ്ലാവില്‍ പണികഴിപ്പിച്ച ഫ്ലാറ്റ് സമുച്ചയം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. ഫ്‌ളാറ്റ് സമുച്ചയത്തിലെ ശുചിമുറികളില്‍ നിന്നും അടുക്കളയില്‍ നിന്നും എത്തുന്ന മലിനജലം സംഭരിക്കാന്‍ രണ്ട് ടാങ്കുകളും നിർമിച്ചിട്ടുണ്ട്. ടാങ്കുകളില്‍ നിന്നും മലിനജലം ശുദ്ധീകരിച്ച് പുറത്തേക്ക് കളയുന്ന മോട്ടോര്‍ പ്രവർത്തിക്കുന്നില്ല. ഇതോടെ ഇരുടാങ്കുകളും നിറഞ്ഞ് സ്ലാബുകള്‍ക്കിടയിലൂടെ മലിനജലം പുറത്തേക്ക് വ്യാപിക്കുന്നുവെന്നും ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ആക്ഷേപമുണ്ട്.
ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി - മാലിന്യ സംസ്കരണം
ശുചിമുറിമാലിന്യവും അടുക്കളമാലിന്യവും സംഭരിക്കുന്ന ടാങ്കുകൾ നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നുവെന്നാണ് താമസക്കാരുടെ ആക്ഷേപം
ലൈഫ് പദ്ധതിയിൽ ഒരുങ്ങിയ ഫ്ലാറ്റിൽ മലിനജല സംസ്‌കരണം താറുമാറായെന്ന് പരാതി
അതേസമയം ഫ്ലാറ്റ് സമുച്ചയത്തിലെ മലിനജല സംസ്‌കരണം കൃത്യമായി നടത്തി വന്നിരുന്നതാണെന്നും പരാതി ഉയരാനുണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷിക്കുമെന്നും അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍ പറഞ്ഞു. മലിനജലം ശുദ്ധീകരിക്കുന്ന ജോലി സ്വകാര്യ ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നും മേല്‍നോട്ട നിര്‍വഹണത്തിനായി ഒരാളെ പഞ്ചായത്ത് ഫ്ലാറ്റ് സമുച്ചയത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ളതായും കെ.എന്‍ സഹജന്‍ വ്യക്തമാക്കി.