ഇടുക്കി: കൊവിഡ് കാലമേല്‍പ്പിച്ച നഷ്ടങ്ങളുടെ കണക്കുകൂട്ടലുകളിലാണ് മൂന്നാര്‍ സൈലന്‍റ് വാലി എസ്റ്റേറ്റിലെ പാഷന്‍ ഫ്രൂട്ട് കര്‍ഷകര്‍. പഴുത്ത് പാകമായ പാഷന്‍ഫ്രൂട്ടുകള്‍ വിപണിയില്‍ എത്തിക്കാനാവാത്തത് കര്‍ഷകരെ കുഴക്കുന്നു. സമ്പൂര്‍ണ അടച്ചിടലിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്. വിളവെടുത്ത മൂവായിരം കിലോയാളം വരുന്ന പഴങ്ങളാണ് കര്‍ഷകരുടെ വീടുകളില്‍ കെട്ടിക്കിടക്കുന്നത്.
ലോക്ക് ഡൗണില്‍ മാര്‍ക്കറ്റ് അടഞ്ഞു; പാഷന്‍ഫ്രൂട്ട് കര്‍ഷകര്‍ പ്രതിസന്ധിയില്‍ - മൂന്നാര്‍ കര്‍ഷകര്‍
വിളവെടുത്ത മൂവായിരം കിലോയാളം വരുന്ന പഴങ്ങളാണ് മൂന്നാറിലെ കര്‍ഷകരുടെ വീടുകളില്‍ കെട്ടിക്കിടക്കുന്നത്.
മൂന്നാറിലെ കണ്ണന്‍ ദേവന്‍ പ്ലാന്‍റേഷന്‍ കമ്പനിയുടെ സൈലന്‍റ് വാലി എസ്റ്റേറ്റിലെ മൂന്നാം ഡിവിഷനില്‍ വരുന്ന അറുപതോളം കര്‍ഷകരാണ് പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. ഒക്ടോബര്‍ മാസത്തോടെ സീസണ്‍ ആരംഭിക്കുമെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ലഭിച്ചിരുന്നത്. ഗതാഗത നിരോധനം വന്നതോടെ പഴുത്ത് പാകമായ പാഷന്‍ഫ്രൂട്ടുകള്‍ വില്‍പ്പനക്കെത്തിക്കാന്‍ സാധിക്കാതെ വന്നു.
മുമ്പ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കച്ചവടക്കാര്‍ നേരിട്ടെത്തി പഴങ്ങള്‍ വാങ്ങിയിരുന്നതിനാല്‍ മെച്ചപ്പെട്ട വിലയും ലാഭവും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം ഒരു പഴത്തിന് 15 രൂപ വരെ വില ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ ഏഴു രൂപ പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പഴങ്ങള്‍ വിറ്റഴിക്കണമെങ്കില്‍ സര്‍ക്കാരിന്‍റെ പ്രത്യേക പരിഗണന ഇവര്‍ക്കാവശ്യമുണ്ട്.പഴുത്ത് പാകമായ പഴങ്ങള്‍ മൂന്നാറിലെ തണുത്ത കാലവസ്ഥയില്‍ ഏകദേശം പത്തു മുതല്‍ ഇരുപത് ദിവസങ്ങള്‍ വരെ മാത്രമെ സൂക്ഷിക്കാനാകു.