ഇടുക്കി: സ്വത്തു തർക്കത്തെ തുടർന്ന് ഗൃഹനാഥൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ മൂത്ത സഹോദരൻ ഉൾപ്പെടെ രണ്ട് പേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്‌തു.
നെടുങ്കണ്ടം കുരുവിള സിറ്റി സ്വദേശികളും കൊല്ലപ്പെട്ട റെജിമോന്‍റെ സഹോദരനുമയ സജീവൻ (58) സജീവൻ്റെ മകളുടെ ഭർത്താവ് ശ്യം മോഹൻ (36) എന്നിവരെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. സജീവൻ്റെ മകൻ ഹരികൃഷ്ണനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊല്ലപ്പെട്ട റെജിമോൻ്റെ ബന്ധുക്കൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
ഗൃഹനാഥൻ വെട്ടേറ്റു മരിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ സംഭവത്തിനു ശേഷം ഒളിവിൽ പോയ ഹരികൃഷ്ണനു വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയ റെജിമോൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട റെജിയുടെ വീട്ടിൽ ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന നടത്തിയിരുന്നു.
പത്ത് വർഷത്തിൽ അധികമായി സജീവനും റെജി മോനും തമ്മിൽ സ്വത്തു തർക്കം ഉണ്ടായിരുന്നു. പൂപ്പാറയിൽ റെജി മോന് കുടുംബ സ്വത്തായി ലഭിച്ച കെട്ടിടത്തെ ചൊല്ലിയായിരുന്നു തർക്കം. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം സജീവൻ്റെ മരുമകൻ ശ്യാം മോഹനും റെജി മോനും തമ്മിൽ തിങ്കളാഴ്ച വാക്കു തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച പകൽ റെജി മോനും ബന്ധുക്കളും ചേർന്ന് ശ്യാംമോഹനെ മർദ്ദിച്ചു. ഇതറിഞ്ഞ സജീവനും മകൻ ഹരികൃഷ്ണനും ശൃാം മോഹനോടൊപ്പം ചൊച്ചാഴ്ച വൈകിട്ട് ഏഴരയോടെ റെജിമോൻ്റെ വീട്ടിലെത്തി. ഈ സമയം റെജിമോൻ്റെ മരുമകനും മറ്റു ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നു.
വാക്കേറ്റത്തിനിടയിൽ ശ്യാം മോഹനും സജീവനും മർദ്ദനമേറ്റു. ശ്യാം മോഹൻ ബോധം കെട്ട് നിലത്തു വീണതോടെ കയ്യിൽ കരുതിയ വാക്കത്തി ഉപയോഗിച്ച് സജീവൻ റെജിമോൻ്റെ കഴുത്തിനും, നെഞ്ചിനും വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച റെജിമോൻ്റെ മകളുടെ ഭർത്താവ് സ്റ്റെബിൻ്റെ മുഖത്തും തലയിലും വെട്ടേറ്റിട്ടുണ്ട്. അതിനു ശേഷം സജീവനും മകനും റെജിമോൻ്റെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.
റെജിമോൻ്റെ ഭാര്യയുടെയും ബന്ധുക്കളുടെയും നിലവിളി കേട്ട് അയൽക്കാർ ചേർന്ന് ഇരുവരെയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിച്ചിരുന്നു. പരിക്കേറ്റ സ്റ്റെബിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.