ഇടുക്കി:ദേവികുളം മുൻ എംഎൽഎ എ രാജയ്ക്ക് താത്കാലിക ആശ്വാസം. രാജയുടെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. ജൂലൈ വരെയാണ് ഉത്തരവിന് സ്റ്റേ.
കേസ് ഇനി പരിഗണിക്കുന്നത് ജുലൈയിലാണ്. എ രാജയ്ക്ക് നിയമസഭ സമ്മേളനങ്ങളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ശമ്പളവും അലവൻസും എന്നാൽ അന്തിമ വിധിയ്ക്ക് അനുസ്യതമായിരിക്കും. വോട്ട് ചെയ്യാനും രാജയ്ക്ക് അവകാശം ഉണ്ടാകില്ല. 2021ൽ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്.
തെരഞ്ഞെടുപ്പ് ഫലത്തിൽ തന്നെ എ രാജയുടെ ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. എ രാജ സമർപ്പിച്ചത്, വ്യാജ ജാതി സർട്ടിഫിക്കറ്റാണെന്ന ആരോപണം ഉയർന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റാണ് ദേവികുളത്തേത്.
എ രാജ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളല്ലെന്ന് നോമിനേഷൻ നൽകിയ ഘട്ടത്തിൽ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. മതപരിവർത്തനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ദീർഘകാലം എംഎൽഎയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഎം യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചിരുന്നത്.