ഇടുക്കി : കഞ്ഞിക്കുഴി വെൺമണിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്തു വയസുകാരനെ തെരുവുനായ കടിച്ചു. പരിക്കേറ്റ കുട്ടിയെ തൊടുപുഴ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദ്യ തവണ നല്‍കേണ്ട പ്രതിരോധ കുത്തിവയ്‌പ്പ് മാത്രം നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.
പിന്നീട് രാത്രിയോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിൽ എത്തിച്ച് രണ്ടാം ഘട്ട പ്രതിരോധ കുത്തിവയ്‌പ് നല്‍കി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ വെണ്‍മണി കുളമ്പള്ളിയില്‍ സിജോയുടെ മകൻ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഡിലീഷിനെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വെണ്‍മണി ജംഗ്ഷനു സമീപത്ത് വച്ചായിരുന്നു സംഭവം.
സ്‌കൂള്‍ വിട്ട് വന്നതിനു ശേഷം ട്യൂഷനുപോയ ഡിലീഷും സഹോദരങ്ങളും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് മുന്നിലായി നടന്നു പോയ ഡിലീഷിനെ തെരുവുനായ ആക്രമിച്ചത്. നായ കടിച്ചതിനു പിന്നാലെ കൂടുതല്‍ നായകള്‍ കുട്ടിയ്ക്കു നേരെ ഓടിയടുത്തു.
നിലവിളി കേട്ട് വെണ്‍മണി ജംഗ്ഷനിലുണ്ടായിരുന്നവര്‍ ഓടിയെത്തി നായ്ക്കളെ തുരത്തിയാണ് കുട്ടിയെ രക്ഷപെടുത്തിയത്. പിന്നീട് ജീപ്പില്‍ ഡിലീഷിനെ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഡോസിനു ശേഷം രണ്ടാം ഡോസിനുള്ള മരുന്നില്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകുകയായിരുന്നുവെന്ന് പിതാവ് സിജോ പറഞ്ഞു.
കഞ്ഞിക്കുഴി പഞ്ചായത്തിലെ 16-ാം വാര്‍ഡിലുള്‍പ്പെടുന്ന വെണ്‍മണി ജംഗ്ഷനിലും പരിസരങ്ങളിലും തെരുവു നായ ശല്യം രൂക്ഷമാണെന്നും കുട്ടികളെ സ്‌കൂളില്‍ വിടാൻ പോലും ഭയമാണെന്നും നാട്ടുകാര്‍ പറയുന്നു.
കോഴിക്കോട് തെരുവുനായ ശല്യം രൂക്ഷമായതോടെ ആറ് സ്‌കൂളുകൾക്ക് അവധി :കോഴിക്കോട് കൂത്താളി ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ മേഖലയിലെ ആറ് വിദ്യാലയങ്ങള്‍ക്ക് അവധി നൽകിയിരുന്നു. സ്‌കൂളുകൾ കൂടാതെ, അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും തെരുവുനായ ശല്യത്തെ തുടർന്ന് നിർത്തിവച്ചു.