ഇടുക്കി: നാടിന്‍റെ പുരോഗതിക്കായി സ്വന്തം ഭൂമിയുടെ വിഹിതം വിട്ടുനല്‍കി മാതൃകയാവുകയാണ് ഇടുക്കി മ്ലാമല സ്വദേശി പി.കെ ശ്രീനിവാസൻ. മ്ലാമലയിൽ പുതുതായി ആരംഭിച്ച സർക്കാർ മൃഗാശുപത്രിക്കായി 11 സെന്‍റ് സ്ഥലമാണ് ശ്രീനിവാസൻ വിട്ടുനല്‍കിയത്.
നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങൾക്കൊപ്പം ശ്രീനിവാസൻ - idukki news
പുതുതായി ആരംഭിക്കുന്ന മ്ലാമല വില്ലേജ് ഓഫീസിനും ഹെൽത്ത് സെന്‍ററിനും പുതുക്കിപ്പണിയുന്ന അങ്കണവാടിക്കും സ്ഥലം വിട്ടുനൽകാൻ തയാറാണെന്നും പി.കെ ശ്രീനിവാസൻ പറഞ്ഞു
1972ൽ ആണ് ഇയാൾ കോഴഞ്ചേരിയിൽ നിന്ന് മ്ലാമലയിലേക്ക് കുടിയേറുന്നത്. ഒമ്പതേക്കർ സ്ഥലത്ത് സ്വന്തമായി കൃഷി ആരംഭിച്ചു. ആശുപത്രിയോ സർക്കാർ സ്ഥാപാനങ്ങളോ അന്യമായിരുന്ന മ്ലാമല എന്ന ഗ്രാമത്തിൽ ഇവ ആരംഭിക്കാൻ തന്നാലാവുന്നത് ചെയ്യണമെന്ന് ശ്രീനിവാസൻ ആഗ്രഹിച്ചു. തുടര്‍ന്ന് 1989ൽ ആയുർവേദ ഹെൽത്ത് സെന്‍ററിനായി 40 സെന്‍റ് ഭൂമിയും 12 അടി വീതിയിൽ വഴിയും വിട്ടു നൽകി. പിന്നീട് മാതൃക അങ്കണവാടിക്കും സ്ഥലം വിട്ടു നല്‍കി. തന്‍റെ നാടിന്‍റെ പുരോഗതിയാണ് ലക്ഷ്യം വെക്കുന്നതെന്ന് ശ്രീനിവാസൻ പറയുന്നു. തന്‍റെ അധ്വാനത്തിന്‍റെ ഫലമായ ഭൂമി മൂന്ന് മക്കൾക്ക് പതിച്ചു നല്‍കി. ശേഷം തനിക്കായി കരുതി വെച്ച ഭൂമിയില്‍ നിന്നാണ് ശ്രീനിവാസൻ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം നല്‍കിയത്. പുതുതായി ആരംഭിക്കുന്ന മ്ലാമല വില്ലേജ് ഓഫീസിനും ഹെൽത്ത് സെന്‍ററിനും പുതുക്കിപ്പണിയുന്ന അങ്കണവാടിക്കും സ്ഥലം വിട്ടുനൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.